ലോകം ഞെട്ടിയ ഇന്നിങ്സ്, 14-കാരൻ മൂന്നക്കം തൊട്ടപ്പോള്‍ പിറന്നത് സമാനതകളില്ലാത്ത ചരിത്രം

14-ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തികടത്തി ഇന്ത്യയുടെ വണ്ടർകിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുൻ ബംഗാള്‍ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്സില്‍ കുറിച്ചതിങ്ങനെയാണ്.

14-ാം വയസ്സില്‍ പലരും പല പ്രവൃത്തികളില്‍ മുഴുകിയിരുന്നിരിക്കാം. എന്നാല്‍ വൈഭവ് സൂര്യവംശി 14-ാം വയസ്സില്‍ ഐപിഎല്ലില്‍ ചരിത്രം കുറിക്കുകയായിരുന്നു. അതിവേഗ സെഞ്ചുറിയോടെ നാളിതുവരെ ഒരു ഇന്ത്യക്കാരനും സ്വന്തമാക്കാത്ത നേട്ടങ്ങള്‍ പലതും വൈഭവ് സ്വന്തം പേരിലാക്കി. വെടിക്കെട്ടോടെ ഐപിഎല്‍ അരങ്ങേറ്റം ഉജ്വലമാക്കിയ വൈഭവ് വിസ്മയിപ്പിക്കുകയാണ്. ക്രിക്കറ്റിലെ സൂപ്പർ താരങ്ങള്‍ വാഴുന്ന ഐപിഎല്ലില്‍ ഒരു 14 കാരന് എന്ത് ചെയ്യാനാകുമെന്ന ചോദിച്ചവർക്കെല്ലാം ഈ ഒരൊറ്റ ഇന്നിങ്സുകൊണ്ട് വൈഭവ് മറുപടി നല്‍കി. ഗുജറാത്തിനെതിരേ 35 പന്തില്‍ സെഞ്ചുറിനേടിയ ഇന്നിങ്സിന് സമാനതകളില്ല.

രാജസ്ഥാനെതിരേ 210 റണ്‍സ് വിജയലക്ഷ്യമുയർത്തി മടങ്ങുമ്ബോള്‍ ഇങ്ങനെയൊരു തിരിച്ചടി ബട്ലറും ഗില്ലും സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാകില്ല. ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച 14-കാരന്റെ വിളയാട്ടം. ഗുജറാത്തിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ച വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശില്‍പ്പി. അതിവേഗ സെഞ്ചുറിയുമായി വൈഭവ് കത്തിക്കയറുന്ന കാഴ്ചയാണ് ജയ്പുരില്‍ കണ്ടത്. 17 പന്തില്‍ അർധസെഞ്ചുറി തികച്ച താരം 35 പന്തില്‍ സെഞ്ചുറിയും നേടി. ഒരുപിടി റെക്കോഡുകളും താരം സ്വന്തം പേരിലാക്കി. ടി20 യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎല്‍ സെഞ്ചുറി അങ്ങനെ റെക്കോഡുകള്‍ വൈഭവ് തിരുത്തിയെഴുതി.