അങ്ങനെ നല്ല വെള്ളി മലയാളികൾക്ക് ദുഃഖ വെള്ളിയായി…

മൂന്ന് ആണിയില്‍ കുരിശില്‍ തറയ്ക്കപ്പെട്ട് കിടന്ന ക്രിസ്തുവിന്‍റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. ഗാഗുല്‍ത്താ മലയില്‍ നിന്നും കാല്‍വരിക്കുന്നിലേക്ക്  മുള്‍ക്കിരീടം ചൂടി, റോമാ സൈനികരുടെ ആവര്‍ത്തിച്ചുള്ള ചാട്ടവാറടി ഏറ്റ് തന്‍റെ വിശ്വാസികളുടെ പാപ ഭാരമാകുന്ന കുരിശ് ചുമന്ന് സ്വയം മരണത്തിലേക്ക് നടന്ന് പോയ ക്രിസ്തു. അദ്ദേഹമേറ്റ ഓരോ അടിയും സ്വന്തം വിശ്വാസികളെ രക്ഷിക്കാനായിരുന്നു.

അങ്ങനെ, 2000 വര്‍ഷങ്ങൾക്ക് മുമ്പ് ക്രിസ്തു ജീവന്‍ വെടിഞ്ഞ ആ വെള്ളിയാഴ്ച പിന്നീട് Good Friday എന്ന് അറിയപ്പെടാനും തുടങ്ങി. എന്നാൽ യൂറോപ്യന്മാരുടെ നല്ല വെള്ളി, കരയും കടലും കടന്ന് മതപരിവര്‍ത്തനത്തിലൂടെ കേരളത്തിന്‍റെ മണ്ണിലും ചുവട് ഉറപ്പിച്ചപ്പോൾ  ‘നല്ല വെള്ളി’, ‘ദുഃഖ വെള്ളി’ക്ക് വഴിമാറി. ഇതിന് പല കാരണങ്ങളാണ് നിരത്തപ്പെടുന്നത്. പ്രധാനമായും ഇംഗ്ലീഷും മലയാളവും തമ്മിലെ ഭാഷാപരമായ വ്യത്യാസങ്ങൾ തന്നെ. വിശ്വാസികളുടെ രക്ഷയ്ക്ക് വേണ്ടി യേശു വരിച്ച കുരിശു മരണം നന്മയ്ക്ക് വേണ്ടിയാണെന്നും അതിനാലാണ് ഗുഡ് ഫ്രൈഡേ എന്ന് വിളിക്കുന്നതെന്നും ഒരു വിഭാഗം കരുതുന്നു. എന്നാല്‍ God’s Friday (ദൈവത്തിന്‍റെ ദിനം) എന്നായിരുന്നു ആദ്യ കാലത്ത് നല്ല വെള്ളിയെ വിളിച്ചിരുന്നത്.  പിന്നീട് ഭാഷാഭേദം സംഭവിച്ച് Good friday ആയതാണെന്ന് ചിലര്‍ വാദിക്കുന്നു. അതേമസമയം Good Friday -യെ യൂറോപ്യന്‍ രാജ്യങ്ങളില്‍ തന്നെ Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റര്‍ വെളളി) എന്നിങ്ങനെ വിവിധ പേരുകളിലായാണ് അറിയപ്പെടുന്നത്.  ഭൂരിപക്ഷം ക്രൈസ്തവ രാജ്യങ്ങളും Good Friday എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്.

മലയാളിയും ജർമ്മന്‍ ക്രിസ്ത്യനികള്‍ക്കും യേശുവിന്‍റെ ജീവന്‍ നഷ്ടമായ ആ വെള്ളിയാഴ്ച ദുഃഖ വെള്ളിയാണ് (Sorrowful Friday). യേശുവിന്‍റെ പീഢാ സഹനങ്ങള്‍ക്ക് ജർമ്മനി ഏറെ പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് ഇതെന്ന് കരുതുന്നു. ഇന്നും തന്‍റെ വിശ്വാസികളുടെ രക്ഷയ്ക്കായി സ്വന്തം ജീവന്‍ തന്നെ ത്യജിക്കാന്‍ തയ്യാറായ ആ മനുഷ്യപുത്രന്‍റെ ഓർമ്മ പുതുക്കാനായി എല്ലാ വര്‍ഷവും ഈ ദിവസം ക്രിസ്തുമത വിശ്വാസികൾ ആചരിക്കുന്നു