ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ, കേരളം ലോകത്തിനു സമ്മാനിച്ച അത്ഭുതം!

കേരളത്തിൻ്റെ മണ്ണില്‍ വിരിഞ്ഞ ഒരു അത്ഭുത ബാലൻ, തിരുവല്ലയില്‍ ജനിച്ച ആദിത്യൻ രാജേഷ് എന്ന കൗമാരക്കാരൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരില്‍ ഒരാളായി ലോകശ്രദ്ധ നേടുകയാണ്.

കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തില്‍, വെറും ഒമ്ബതാം വയസ്സില്‍ സ്വന്തമായി ആൻഡ്രോയിഡ് ആപ്പ് നിർമ്മിച്ച്‌ ഈ കൊച്ചു മിടുക്കൻ ഏവരെയും അമ്ബരപ്പിച്ചു. പിന്നീട്, 13 വയസ്സില്‍ “ട്രിനെറ്റ് സൊല്യൂഷൻസ്” എന്ന സ്വന്തം ഐടി കമ്ബനി സ്ഥാപിച്ചുകൊണ്ട് അവൻ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി.

അഞ്ചാം വയസ്സില്‍ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറിയതാണ് ആദിത്യൻ്റെ ജീവിതത്തിലെ വഴിത്തിരിവായത്. അവിടെവെച്ചാണ് സാങ്കേതികവിദ്യയുടെ മാന്ത്രിക ലോകം അവനെ ആകർഷിച്ചത്. അച്ഛൻ പരിചയപ്പെടുത്തിയ ഒരു ടൈപ്പിംഗ് വെബ്സൈറ്റില്‍ നിന്ന് തുടങ്ങിയ താല്‍പര്യം, പിന്നീട് അവൻ്റെ ലോകമായി മാറി.

കൂട്ടുകാരുടെ അഭാവത്തില്‍, ഡിജിറ്റല്‍ ലോകം ആദിത്യനൊരു അഭയസ്ഥാനമായി മാറി. ആ ഏകാന്തതയില്‍ സാങ്കേതികവിദ്യയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. വെറും ആറാം വയസ്സില്‍ തന്നെ HTML, CSS പോലുള്ള അടിസ്ഥാന കോഡിംഗ് ഭാഷകള്‍ ആദിത്യൻ സ്വായത്തമാക്കി. ഒരു വിനോദമായി തുടങ്ങിയത്, പിന്നീട് ആദിത്യൻ്റെ ഭാവിയെ നിർണ്ണയിക്കുന്ന ഒരു അഭിനിവേശമായി വളർന്നു.

യൂട്യൂബില്‍ നിന്ന് പഠിച്ച്‌, ഇന്ന് മറ്റുള്ളവർക്ക് ഗുരു

ആദിത്യൻ ഒരു സാധാരണ ഡെവലപ്പർ മാത്രമല്ല, ഒരു യൂട്യൂബർ കൂടിയാണ്. “എ ക്രേസ്” എന്ന ആദിത്യൻ്റെ യൂട്യൂബ് ചാനല്‍ സാങ്കേതികവിദ്യ, ഗെയിമിംഗ്, ആപ്പ് വികസനം, വെബ് ഡിസൈൻ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. താൻ പഠിക്കുന്ന ഓരോ കാര്യവും ആദിത്യൻ ഈ ചാനലിലൂടെ മറ്റുള്ളവരുമായി പങ്കുവെക്കുന്നു. താമസിയാതെ ആൻഡ്രോയിഡ് ആപ്പ് വികസനത്തെക്കുറിച്ച്‌ ഒരു ഓണ്‍ലൈൻ കോഴ്സ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു പ്രതിഭ. വീഡിയോ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും സഹായിച്ചുകൊണ്ട് ആദിത്യൻ്റെ ഇളയ സഹോദരിയും ഈ സംരംഭത്തില്‍ പിന്തുണ നല്‍കുന്നു.

സ്കൂള്‍ ചങ്ങാതിമാർ ബിസിനസ് പങ്കാളികള്‍

ഇന്ന്, ആദിത്യൻ തൻ്റെ മൂന്ന് അടുത്ത സ്കൂള്‍ സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ട്രിനെറ്റ് സൊല്യൂഷൻസ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ അവർ 12-ല്‍ അധികം ക്ലയന്റുകള്‍ക്കായി ആകർഷകമായ വെബ്സൈറ്റുകളും ഉപയോഗപ്രദമായ ആപ്പുകളും നിർമ്മിച്ചു കഴിഞ്ഞു. അവരുടെ കമ്ബനി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ട്രിനെറ്റ് സൊല്യൂഷൻസിനെ ഒരു ആഗോള ബ്രാൻഡായി വളർത്താനും iOS ആപ്പ് വികസന രംഗത്തേക്ക് ചുവടുവെക്കാനും ആദിത്യൻ സ്വപ്നം കാണുന്നു. സ്വന്തം സ്കൂളിലെ അധ്യാപകർക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനായി ഒരു ക്ലാസ് മാനേജ്‌മെൻ്റ് ആപ്പും ആദിത്യൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സഹപാഠികളെ അവരുടെ സാങ്കേതികപരമായ സംശയങ്ങള്‍ ദൂരീകരിക്കാനും പ്രോജക്റ്റുകളില്‍ സഹായിക്കാനും ആദിത്യൻ എപ്പോഴും മുന്നിലാണ്.