നാസയിലെ പ്രായം കൂടിയ ബഹിരാകാശ യാത്രികനായ ഡോണ്‍ പെറ്റിറ്റ് തന്റെ 70-ാം ജന്മദിനമായ ഇന്ന് ബഹിരാകാശനിലയത്തില്‍ നിന്ന് തിരിച്ചെത്തും. ഇപ്പോൾ നിലയത്തിൽ കഴിയുന്ന പെറ്റിറ്റ് 3520 തവണ ഭൂമി ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. എക്‌സ്‌പെഡിഷന്‍ 6, എക്‌സ്‌പെഡിഷന്‍ 30/31, സ്‌പേസ് ഷട്ടില്‍ എന്‍ഡീവര്‍ എന്നീ ദൗത്യങ്ങളില്‍ പങ്കെടുത്ത പെറ്റിറ്റിന്റെ നാലാം ദൗത്യമാണ് ഇപ്പോള്‍ നടക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി 220 ദിവസം പെറ്റിറ്റ് ബഹിരാകാശത്ത് ചെലവഴിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ആകെ 590 ദിവസം ബഹിരാകാശത്ത് കഴിഞ്ഞുവെന്ന നേട്ടംവും അദ്ദേഹം കൈവരിച്ചു. 15 കോടി കിലോമീറ്ററിലേറെ ബഹിരാകാശത്ത് സഞ്ചരിച്ച് ബഹിരാകാശത്ത് നിന്നുള്ള ഭൂമിയിലെ കാഴ്ചകളുടെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഏപ്രില്‍ 19 ന് ഈസ്റ്റേണ്‍ ടൈം വൈകീട്ട് 5.57 ന് (ഇന്ത്യന്‍ സമയം ഏപ്രില്‍ 20 ന് പുലര്‍ച്ചെ 3.27ന്) റഷ്യയുടെ സോയൂസ് എംഎസ്-26 പേടകത്തിലാണ് ഡോണ്‍ പെറ്റിറ്റ് ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടുക. അദ്ദേഹത്തോടൊപ്പം റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ അലക്‌സി ഒവ്ചിനിന്‍, ഐവന്‍ വാഗ്നര്‍ എന്നിവരും ഭൂമിയിലേക്ക് തിരിക്കും. കസാഖിസ്ഥാനിലെ കസാഖ് സ്റ്റെപ്പ് സമതലത്തില്‍ പ്രാദേശിക സമയം ഏപ്രില്‍ 20 ന് രാവിലെ 6.20 ന് പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് പേടകം വന്നിറങ്ങുന്നത്.