പുതിയ വ്യാപാര കരാറുകള്‍ക്കായി നിര്‍മ്മല സീതാരാമന്‍ യുകെയില്‍

അമേരിക്കയുടെ താരിഫ് യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ ഉണ്ടാക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ബ്രിട്ടനിലെത്തി. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പായി നിർമല സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞു. ആഗോള അനിശ്ചിതാവസ്ഥ ഓരോ നാള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണ്. ഇത് പല രാജ്യങ്ങളെയും വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് സജീവമാക്കിയിരിക്കുന്നു. പഴയ ആശയാധിഷ്ടിതവും രാഷ്ട്രീയവുമായ ബന്ധങ്ങള്‍ക്കു അപ്പുറമാണ് വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, ഇന്ത്യയും നിരവധി രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആസ്‌ട്രേലിയ, യു എ ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ ഇതിനോടകം ഒപ്പിട്ടു. ബ്രിട്ടനുമായും യൂറോപ്യന്‍ യൂണിയനുമായും ഉഭയകക്ഷി കരാറുകള്‍ ഉണ്ടാക്കാൻ താത്പര്യമുള്ളതായും , അമേരിക്കന്‍ പ്രസിഡണ്ടിന്റെ പുതിയ താരിഫ് നയവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അറിയിച്ചു.