യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ അണിനിരക്കും. അവസാന ഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
മെഗാ മ്യൂസിക്കൽ പെർഫോർമൻസുകൾ, പ്രഫഷനൽ ടീമുകൾ അവതരിപ്പിതക്കുന്ന ഡാൻസ് പെർഫോർമൻസുകൾ, ഫുഡ് സ്‌റ്റാളുകൾ, ഫോട്ടോ ബൂത്തുകൾ തുടങ്ങിയവയാണ് കാണികളെ കാത്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. www.bookmyseats.co.uk എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ
WCL 2025; ഇന്ത്യയെ യുവരാജ് നയിക്കും
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ് (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ജൂലൈ 18 നു ആരംഭിക്കും. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യന്‍സ് ടീമായിരുന്നു ആദ്യ സീസണില്‍ ജേതാക്കളായത്. ഇംഗ്ലണ്ടിലെ എഡ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ നടന്ന കലാശപ്പോരില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം കിരീടം ചൂടിയത്. ഈ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും രണ്ടാം സീസണിനായി ഇന്ത്യ കച്ചമുറുക്കുക.
ഡബ്ല്യുസിഎല്ലിന്റെ രണ്ടാം എഡിഷന്റെ മല്‍സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20ന് ഞായറഴ്ച പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. ശേഷം 22ന് സൗത്താഫ്രിക്ക ചാംപ്യന്‍സുമായിട്ടാണ് ഇന്ത്യയുടെ രണ്ടാമങ്കം. 26ന് നടക്കുന്ന മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സാണ് ഇന്ത്യയുടെ എതിരാളികള്‍. ജൂലൈ 27ന് ഇംഗ്ലണ്ട് ചാംപ്യന്‍സുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. അവസാനത്തെ ലീഗ് മല്‍സരം 29ന് വെസ്റ്റ് ഇന്‍ഡീസ് ചാംപ്യന്‍സുമായിട്ടാണ്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു മുന്നേറും. ജൂലൈ 31നാണ് സെമി ഫൈനലുകള്‍ നടക്കാനിരിക്കുന്നത്. കലാശക്കളി ആഗസ്റ്റ് രണ്ടിന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ങാമിൽ നടക്കും.
ഡബ്ല്യുസിഎല്ലിന്റെ രണ്ടാം എഡിഷനിലും യുവരാജ് സിങ് തന്നെയാവും ഇന്ത്യ ചാംപ്യന്‍സ് ടീമിനെ നയിച്ചേക്കുക. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുതുതായി ഇന്ത്യന്‍ ടീമിലേക്കു വന്നേക്കും. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടാം എഡിഷനിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായി കളിച്ച മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും സൂപ്പര്‍ ഫീല്‍ഡറുമായ സുരേഷ് റെയ്‌ന, മുന്‍ ഓള്‍റൗണ്ടര്‍മാരായ യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം രണ്ടാം എഡിഷനിലും ഇന്ത്യന്‍ സംഘത്തിലുണ്ടാകും.
ടിക്കറ്റുകൾക്ക് WCLന്റെ വെബ്സൈറ്റ് സന്ദർശിക്കുക.https://www.wclcricket.com/
ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാനായി
രൂപകല്‍പ്പന ചെയ്ത ‘ടിസിഎസ് സോവറിന്‍ സെക്യൂര്‍ ക്ലൗഡ്’, ‘ടിസിഎസ് ഡിജിബോള്‍ട്ട്’, ‘ടിസിഎസ് സൈബര്‍ ഡിഫന്‍സ് സ്യൂട്ട്’ എന്നിവയാണ് അവതരിപ്പിച്ചത്. ഇന്ത്യയുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച് രൂപകല്‍പന ചെയ്ത സേവനങ്ങളാണിത്.
ന്യൂഡല്‍ഹിയില്‍ നടന്ന ടിസിഎസിന്റെ ‘ആക്‌സിലറേറ്റിങ് ഇന്ത്യ’ പരിപാടിയിലാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്.
പൂര്‍ണ്ണമായും ടിസിഎസ് നിര്‍മിച്ച് നിയന്ത്രിക്കുന്ന ആദ്യത്തെ സ്വദേശീയവും സുരക്ഷിതവുമായ ക്ലൗഡ് പ്ലാറ്റ്‌ഫോമാണ് ടിസിഎസ് സോവറിന്‍ സെക്യൂര്‍ ക്ലൗഡ്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയുടെ ഡാറ്റാ സുരക്ഷയും എഐ അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കുന്നു. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ടിസിഎസ് ഡാറ്റാ സെന്ററുകളിൽ സെന്‍സിറ്റീവ് ഡാറ്റ സംഭരിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2023-ലെ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടിന് അനുസൃതമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
എഐയുടെ ശക്തി ഉള്‍ക്കൊള്ളുന്ന ഒരു ലോ-കോഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ടിസി എസ് ഡിജിബോൾട്ട് കമ്പനികള്‍ക്ക് വേഗത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം നടത്താനും പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു.
ഓപ്പണ്‍ സോഴ്‌സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ പ്ലാറ്റ്‌ഫോം, എഐ ആപ്ലിക്കേഷനുകള്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ സഹായിക്കും.
ലോകത്തെ മുന്‍നിര സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമാണ് ടിസിഎസ് സൈബർ ഡിഫെൻസ് സ്യൂട്ട്. എഐ ബേസ്ഡ് ത്രെട്ട് ഡിറ്റക്ഷന്‍, റിസ്‌ക് മാനേജ്‌മെന്റ് എന്നിവ വഴി സംഘടനകളുടെ ഡാറ്റ സുരക്ഷിതമാക്കാന്‍ ഇത് സഹായിക്കുന്നു.
ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സർവകലാശാലയും
ഏഷ്യ വന്‍കരയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ദ ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ എഷ്യ യൂണിവേഴ്‌സിറ്റി റാങ്കില്‍ മികച്ച നേട്ടവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല. ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നാലാം സ്ഥാനമാണ് എം ജി സര്‍വകലാശാല സ്വന്തമാക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2025ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ രാജ്യത്തെ 25 മുന്‍നിര സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് എം ജി സര്‍വകലാശാല മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ഏഷ്യയില്‍ 140-ാം സ്ഥാനവും എംജി സര്‍വകലാശാല നേടി. ഏഷ്യന്‍ വന്‍രയിലെ 35 രാജ്യങ്ങളില്‍ നിന്നായി 353 സര്‍വകലാശാലകളെയാണ് ഇത്തവണ റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗവേഷണം, അധ്യയനം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിച്ചിരിക്കുന്നത്. ചൈനയിലെ സിന്‍ഹുവ സര്‍വകലാശാലയാണ് പട്ടികയില്‍ ഒന്നാമത്. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വിവിധ റാങ്കിങുകളില്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്ന എം ജി സര്‍വകലാശാല 2025 ലെ ആഗോള റാങ്കിങില്‍ 401 മുതല്‍ 400 വരെയുള്ള റാങ്ക് വിഭാഗത്തിലാണ്.
വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് മേയ് 2 ന് പ്രധാനമന്ത്രി നിർവഹിക്കും
വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2 ന് കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.
കഴിഞ്ഞ ഡിസംബറിൽ തുറമുഖത്ത് ചരക്കു നീക്കം ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സിതുര്‍ക്കി കഴിഞ്ഞയാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്. പൂര്‍ണമായും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.
രാജ്യാന്തര തുറമുഖത്തെ ദേശീയ പാതയുമായി ബന്ധപ്പെടുത്തുന്ന താൽക്കാലിക ഗതാഗതത്തിനുള്ള പാത നിർമാണത്തിനും ഇതിനോടകം തുടക്കമായി. തലക്കോട് ഭാഗത്ത് ഇടത്തേക്കും അടിപ്പാത മാർഗത്തിലൂടെ വലത്തേക്കും തിരിഞ്ഞു പോകുന്ന രീതിയിലാണ് പാത നിർമാണം. ഡിസംബറോടെ പൂർത്തിയാകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. പാത സജ്ജമാകുന്നതോടെ തുറമുഖത്തു നിന്നും തിരിച്ചും റോഡു മാർഗമുള്ള കണ്ടെയ്നർ നീക്കം യാഥാർഥ്യമാകും.
റിങ് റോഡ് പദ്ധതി കൂടി ഈ ഭാഗത്ത് എത്തുന്ന മുറക്ക് ക്ലോവർ ലീഫ് മാതൃക റോഡ് ആണ് ഇവിടെ വരുന്ന സ്‌ഥിരം സംവിധാനം. ഇതിന് കുറഞ്ഞത് രണ്ടു വർഷ ത്തിലേറെ സമയം എടുക്കും എന്നതു കൊണ്ടാണ് തുറമുഖ ത്തേക്കുള്ള താൽക്കാലിക റോഡു വേണ്ടിവരുന്നത്. തുറമുഖ കവാടത്തിൽ നിന്നു ബൈപാസ് വരെ ഏകദേശം1.7 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് റോഡ്.
ഐ.ടി പാർക്കുകളിൽ ഇനി മദ്യം വിളമ്പാം; സർക്കാർ ഉത്തരവിറക്കി
സംസ്ഥാനത്ത് ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകി ഉത്തരവ്. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. സർക്കാർ, സ്വകാര്യ ഐ.ടി പാർക്കുകൾക്കും 10 ലക്ഷം രൂപ വാർഷിക ലൈസൻസ് ഫീസിൽ ലൈസൻസിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകു. ഫോറിൻ ലിക്വർ ഇൻഫർമേഷൻ ടെക്നോളജി പാർക്ക് ലോഞ്ച് ലൈസൻസ് (എഫ്.എൽ 4സി) ബന്ധപ്പെട്ട പാർക്ക് ഡെവലപ്പർമാരുടെ പേരിലാവും അനുവദിക്കുക. ബിവറേജസ് കോർപ്പറേഷൻ വെയർഹൗസുകളിൽ നിന്ന് (എഫ്.എൽ-9) ആയിരിക്കണം മദ്യം വാങ്ങേണ്ടത്.ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്.
ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം. ഐ.ടി പാർക്കുകളിലെ കമ്പനികളിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന സന്ദർശകർക്കുമാണ് ഈ മദ്യശാലകളിൽ നിന്ന് മദ്യം ലഭിക്കുക. പുറത്തുനിന്നുള്ളവർക്ക് മദ്യം വിൽക്കരുതെന്നതാണ് ചട്ടം. നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ലൈസൻസ് മാത്രമേ നൽകൂ. കമ്പനികളോട് ചേർന്നു തന്നെയാകും മദ്യശാലകൾ. പക്ഷേ, ഓഫിസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം. ഗുണമേന്മയില്ലാത്ത മദ്യം വിൽക്കരുതെന്നും എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.ടെക്നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർപാർക്ക്, സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ളവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
യാത്രാമൊഴിയേകി ലോകം; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകം ഇന്ന് വിട നൽകും. സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.
പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളിൽ വച്ചു.

കർദിനാൾ തിരു സംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യ കാർമികത്വം വഹിക്കും. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മജർ ആർച്ച് ബിഷപ്പ് കിർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ്പ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാര ചടങ്ങിൽ സഹ കാർമികരാകും.
രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മറ്റ് ലോക നേതാക്കൾക്കൊപ്പം രാഷ്ട്രപതിയും ഇന്ന് സംസ്കാര ചടങ്ങിലും പങ്കെടുക്കും.
യുഎസ് പ്രസിഡന്റ് സൊണാൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, വില്യം രാജകുമാരൻ, ഇറ്റലി പ്രധാനമന്ത്രി ജോർജ് മിലൈ, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്.
ഏപ്രില്‍ 21-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നും പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായി ശവകുടീരമൊരുക്കണമെന്നും മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ശവകുടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നുമാത്രം എഴുതിയാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ലിങ്കൺഷയർ ടാലന്റ് ഷോ ഫൈനലിൽ ഇന്ത്യൻ ടീം ‘റിഥമിക് കിഡ്സ്’
നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിക്കുന്ന ടാലന്റ് ഷോയുടെ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ റിഥമിക് കിഡ്സ് ടീം മാറ്റുരയ്ക്കും. ലിങ്കൺഷയറിലെ വിവിധ ടീമുകളുമായി മത്സരിച്ചാണ് കുട്ടികളുടെ സംഘം ഫൈനലിൽ പ്രവേശിച്ചത്. ഏപ്രിൽ 26ന് സ്കൻതോർപ്പിലെ ദി ബാത്ത്സ് ഹാൾ തിയറ്ററിലാണ് ‘സ്പോട്ട്ലൈറ്റ് ദി ബിഗ് നോർത്ത് ലിങ്കൺഷയർ ടാലന്റ് ഷോ’ ഫൈനൽ നടക്കുന്നത്. മത്സരത്തിൽ 13 ടീമുകളാണ് പങ്കെടുക്കുന്നത്. ഫൈനലിലെ ഏക ഇംഗ്ലിഷ് ഇതര ടീമാണ് റിഥമിക് കിഡ്സ് ഡാൻസ് ഗ്രൂപ്പ്. 200ൽ അധികം വിഡിയോ എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 35 ടീമുകളിൽ നിന്നാണ് റിഥമിക് കിഡ്സ് ഒഡീഷനിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചത്.
യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫറായ കലാഭവൻ നൈസിന്റെ ശിക്ഷണത്തിലാണ് കരോൾ ബ്ളസൻ, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാന ബിനു വർഗീസ്, ഇഷാൻ സൂരജ്, ഇവാ അജേഷ്, ജെസാ ജിമ്മി, ഇവാനാ ലിബിൻ, അഡ്വിക് മനോജ്, ജിയാ ജിമ്മി, സിയോണ പ്രിൻസ് എന്നിവരടങ്ങുന്ന റിഥമിക് കിഡ്സ് ടീമാണ് സ്റ്റേജിൽ പ്രകടനം നടത്തുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള ഗബ്രിയേല ബിനോയി ടാലന്റ് ഷോയുടെ ഫൈനലിൽ ഭരതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഭൂരിഭാഗം ഇംഗ്ലിഷ് പ്രകടനങ്ങൾക്കിടയിലും ഗബ്രിയേലയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പ്രകടനം മറ്റു നോൺ-ഇംഗ്ലിഷ് ടീമുകൾക്ക് പ്രചോദനമായെന്നും ഇത്തവണ കൂടുതൽ അപേക്ഷകൾ ലഭിക്കാൻ കാരണമായെന്നും നോർത്ത് ലിങ്കൺഷയർ തിയറ്റഴ്സ് അറിയിച്ചു.
പ്രതിമാസം ശമ്പളം 2 ലക്ഷം, ജർമനിയിൽ നഴ്സുമാർക്ക് അവസരം
കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ നേടാൻ അവസരം. നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ വിവിധ ഹോസ്പിറ്റലുകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി മേയ് 2ന് മുൻപ് അപേക്ഷിക്കാം. ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷിക്കാൻ ജർമൻ ഭാഷയിൽ ബി1 അല്ലെങ്കിൽ ബി2 (ഫുൾ മോഡ്യൂൾ) യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി/ജനറൽ നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് പാസായവർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. 2025 മേയ് 31ന് ഉയർന്ന പ്രായപരിധി 38 വയസ്സ് കവിയരുത്.
ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായുള്ള അഭിമുഖം 2025 മേയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും റജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ 2900 യൂറോയുമാണ് ലഭിക്കുക. നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലേക്ക് മുൻപ് അപേക്ഷിച്ചവർ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ യാത്രാ ചെലവുകളും സൗജന്യമായിരിക്കും. കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ഈ നഴ്സിങ് റിക്രൂട്ട്‌മെന്റ് പദ്ധതി നടപ്പാക്കുന്നത്.
പാക് നീക്കം ബാധിച്ചത് ഇന്ത്യൻ പ്രവാസികളെ; വിമാന യാത്രാ സമയം വര്‍ധിക്കും, ടിക്കറ്റ് നിരക്കിൽ ആശങ്ക
പഹൽഗാം ഭീകാരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമയാന മേഖലക്കും കനത്ത തിരിച്ചടി. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിടുന്നത് ഇന്ത്യൻ വിമാനക്കമ്പനികളെയും യാത്രക്കാരെയും ദുരിതത്തിലാക്കി. വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളിൽ എട്ട് മുതൽ 12 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപടി അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിച്ചതായി എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചിട്ടുണ്ട്.
പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കാനായി ഇന്ത്യൻ വിമാനങ്ങൾ യുഎഇക്ക് മുകളിലൂടെയാവും വഴിമാറി സഞ്ചരിക്കുക. ഇക്കാരണത്താൽ ഓരോ യാത്രയ്‌ക്കും കുറഞ്ഞത് ഒരു മണിക്കൂർ അധികം സമയം വേണ്ടിവരും. യുഎസ്, യുകെ, കാനഡ, നെതർലാൻഡ്‌സ്, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക്, ദുബായ്, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും പുറപ്പെടുന്ന ഇന്ത്യൻ വിമാനങ്ങളെയെല്ലാം ഇത് ബാധിക്കും.
ഇന്ത്യയുടെ ഒരു വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി കടക്കാൻ പാടില്ലാത്തതിനാൽ, എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, അകാസ എയർ എന്നീ വിമാനങ്ങളുടെയെല്ലാം യാത്രാസമയം ഒരു മണിക്കൂറിലേറെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ, ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ അന്താരാഷ്‌ട്ര വിമാനക്കമ്പനികളുടെ വിമാനങ്ങളെ ഇത് ബാധിക്കുന്നതല്ല.
യാത്രാസമയം നീളുന്നതിന് പുറമെ അധിക സമയം പറക്കുന്നതിനുള്ള ഇന്ധനച്ചെലവ് ടിക്കറ്റ് നിരക്ക് കൂടുന്നതിലേക്ക് നയിക്കുമോയെന്നതാണ് പ്രധാന ആശങ്ക
യുകെ, യൂറോപ്പ് അല്ലെങ്കിൽ പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കേണ്ടി വരുന്ന രാജ്യങ്ങളിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് വിമാന ടിക്കറ്റ് നിരക്ക് ഉയരും എന്നതാണ് സൂചനകൾ. വിമാനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുമ്പോൾ ടിക്കറ്റ് വില സ്വാഭാവികമായും വർദ്ധിക്കും.
യുഎസ്, യൂറോപ്യൻ റൂട്ടുകളുടെ യാത്രാദൈർഘ്യം ഏകദേശം 2 മുതൽ 2.5 മണിക്കൂർ വരെ വർദ്ധിച്ചേക്കാം.