പ്രസിദ്ധമായ ലണ്ടൻ മാരത്തോണിന്റെ 45–ാം എഡിഷൻ ഞായറാഴ്ച നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 56,000 പേർ മത്സരത്തിൽ പങ്കെടുക്കും.
ഗ്രീനിച്ച് പാർക്കിൽ നിന്ന് ആരംഭിച്ച് ബക്കിങ്ങാം പാലസ് വഴി ലണ്ടൻ മാളിനു മുന്നിൽ അവസാനിക്കുന്ന മാരത്തോണിൽ ഓട്ടക്കാർ 26.2 മൈൽ ദൂരം താണ്ടും. ടവർ ബ്രിഡ്ജ്, കാനറി വാർഫ്, ബിഗ്ബെൻ വഴിയാണ് മാരത്തോൺ കടന്നു പോകുന്നത്. ബിബിസി ഉൾപ്പെടെയുള്ള ബ്രിട്ടിഷ് മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും. പതിവുപോലെ കെനിയൻ ഓട്ടക്കാർ ഇത്തവണയും വിജയസാധ്യതയുള്ളവരിൽ മുൻപന്തിയിലാണ്. വിജയികൾക്ക് 41,000 പൗണ്ടാണ് സമ്മാനത്തുക. ഇതിനുപുറമെ രണ്ടു മണിക്കൂർ രണ്ടു മിനിറ്റിൽ ഓട്ടം പൂർത്തിയാക്കുന്ന പുരുഷന്മാർക്കും രണ്ടു മണിക്കൂർ 15 മിനിറ്റിൽ താഴെ ഓടിയെത്തുന്ന വനിതകൾക്കും 112,000 പൗണ്ട് ബോണസ് നൽകും.
മുൻ ക്രിക്കറ്റ് താരങ്ങളായ ആൻഡ്രൂ സ്ടോസ്, അലിസ്റ്റർ കുക്ക്, കൊമീഡിയൻ രമേഷ് രംഗനാഥൻ, മുൻ ഫുട്ബോൾ താരങ്ങളായ ജാക്ക് വിൽഷെയർ, ജോൺ ടെറി, ലിയോനാഡോ ബൊനൂച്ചി തുടങ്ങിയ സെലിബ്രിറ്റികളും മാരത്തണിൽ പങ്കെടുക്കുന്നുണ്ട്
840,318 അപേക്ഷകരാണ് ഓട്ടത്തിനായി റജിസ്റ്റർ ചെയ്തത്. ഇവരിൽനിന്ന് നറുക്കെടുത്താണ് 56,000 പേരെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഏകദിന ഫണ്ട് റെയ്സിങ് ഇവന്റായ ലണ്ടൻ മാരത്തോൺ ഇതിനോടകം 1.3 ബില്യൻ പൗണ്ട് വിവിധ ചാരിറ്റികൾക്കായി സമാഹരിച്ചിട്ടുണ്ട്.
രാവിലെ 08:50ന് ആരംഭിക്കുന്ന മാരത്തോൺ 11:30ന് അവസാനിക്കും. ഞായറാഴ്ച ലണ്ടനിൽ മികച്ച കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. തെളിഞ്ഞ ആകാശവും ചെറിയ കാറ്റും 13 ഡിഗ്രി ചൂടുമാണ് നിലവിലെ പ്രവചനം. ഉച്ചയോടെ 21 ഡിഗ്രി വരെ താപനില ഉയരുമെന്നും കരുതുന്നു.
ലണ്ടൻ മാരത്തോൺ ഞായറാഴ്ച; 56, 000 പേർ ട്രാക്കിൽ
അദാനിയുടെ 5ജി ടെലികോം സ്പെക്ട്രം ഇനി എയർടെലിന് സ്വന്തം
5 ജി സേവനം നൽകാനായി അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു. 2022ലെ സ്പെക്ട്രം ലേലത്തിനാണ് 212 കോടി രൂപയുടെ സ്പെക്ട്രം അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ഡേറ്റ നെറ്റ്‌വർക്സാണ് ഭാരതി എയർടെലിന്റെ ഭാഗമായ ഭാരതി ഹെക്സാകോമുമായി ധാരണയായതായി ഇന്നലെ വ്യക്തമാക്കിയത്.
തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും കമ്പനിയുടെ മറ്റു സംവിധാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനായിരുന്നു അദാനി സ്പെക്ട്രം വാങ്ങിയത്. അദാനി 57 കോടി രൂപ ടെലികോം വകുപ്പിന് നൽകിയിട്ടുണ്ട്. ബാക്കി 150 കോടി ഭാരതി എയർടെലാകും നൽകുക.
ജര്‍മനിയില്‍ പാസ്പോര്‍ട്ട്, ഐഡി സംവിധാനത്തിൽ പുതിയ നിയമം
ജര്‍മനിയില്‍ അടുത്ത മാസം മുതൽ തിരിച്ചറിയൽ കാർഡിലും പാസ്പോർട്ട് സംവിധാനത്തിലും മാറ്റം. മെയ് ആദ്യം മുതല്‍, പാസ്പോര്‍ട്ടുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കും ഡിജിറ്റല്‍ ഫോട്ടോകള്‍ക്ക് മാത്രമായിരിക്കും സ്വീകരിക്കുക. ആറ് യൂറോയാണ് ഇതിന്റെ നിരക്ക്. ഐഡി ഫോട്ടോകള്‍ക്കുള്ള പുതിയ നിയമം മെയ് 1 മുതല്‍ പ്രാബല്യത്തിൽ വരും. പുതിയ തിരിച്ചറിയല്‍ കാര്‍ഡിനോ പാസ്പോര്‍ട്ടിനോ അപേക്ഷിക്കുന്നവര്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ഫോട്ടോയാണ് സമര്‍പ്പിക്കേണ്ടത്. അതേസമയം ജൂലൈ അവസാനം വരെ, പൗരന്മാര്‍ക്ക് താല്‍ക്കാലികമായി പാസ്പോർട്ട് അപേക്ഷകൾക്കും ഐഡി അപേക്ഷകൾക്കും പേപ്പര്‍ ഫോട്ടോ ഉപയോഗിക്കാം.
ഫെഡറല്‍ ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, നടപടിക്രമങ്ങള്‍ ലളിതമാക്കുന്ന പ്രക്രിയയില്‍ ഫോട്ടോകള്‍ സിറ്റിസൺ ഓഫിസുകളിൽ നിന്നോ അല്ലെങ്കില്‍ സർട്ടിഫിക്കേഷനുള്ള ഫോട്ടോ സ്റ്റുഡിയോ വഴിയോ എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡിലേയ്ക്ക് അപ്‌ലോഡ് ചെയ്യാം. ഫെഡറല്‍ ഓഫിസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (ബിഎസ്ഐ) ഡിജിറ്റല്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്ത ക്ലൗഡ് പരിശോധിച്ച് കൃത്യത വരുത്തും.
2025 മെയ് മുതൽ, ജർമ്മനിയിൽ ഐഡിയിലും പാസ്‌പോർട്ട് സംവിധാനത്തിലും കാര്യമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ 24 മുതൽ ഏപ്രിൽ 26 വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
എ ഐ എല്ലാ രോഗങ്ങളും ഭേദമാക്കും; പ്രവചനവുമായി ഗൂഗിൾ ഡീപ്പ്മെന്റ് മേധാവി*
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് എല്ലാ രോഗങ്ങളും ഒരു ദശാബ്ദത്തിനുള്ളില്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന അവകാശവാദവുമായി ഗൂഗിള്‍ ഡീപ്മൈന്‍ഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സബിസ്. ഹസ്സബിസിന്റെ ഈ വാദത്തിന് പിന്തുണയുമായി പ്രമുഖ എഐ സ്ഥാപനമായ പെര്‍പ്ലെക്‌സിറ്റി എഐയുടെ സിഇഒ അരവിന്ദ് ശ്രീനിവാസും രംഗത്തെത്തി.
ഒരു മരുന്ന് വികസിപ്പിക്കാന്‍ പത്തോ നൂറോ വര്‍ഷം വേണ്ടിവന്നേക്കാം. എന്നാല്‍, എഐയുടെ സഹായത്തോടെ ഈ സമയം ഏതാനും വര്‍ഷങ്ങളോ, മാസങ്ങളോ, ചിലപ്പോള്‍ ആഴ്ചകളോ
ആയി ചുരുക്കാന്‍ നമുക്ക് കഴിഞ്ഞേക്കും,’ ഹസ്സബിസ് വിശദീകരിച്ചു. എഐയ്ക്ക് മനുഷ്യന്റെ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ശേഷിയുണ്ടെന്നും, പ്രോട്ടീന്‍ ഘടനകള്‍ മനസിലാക്കുന്നതില്‍ എഐ നേടിയ നാഴികക്കല്ലുകള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിപണിയില്‍ ഗൂഗിളിന്റെ എതിരാളിയാണ് പെര്‍പ്ലെക്‌സിറ്റി. എഐ. എഐ അധിഷ്ഠിത സെര്‍ച്ച് എഞ്ചിനാണ് അവരുടെ പ്രധാന ഉല്‍പ്പന്നങ്ങളിലൊന്ന്. ഗൂഗിള്‍ ക്രോമിനെ വെല്ലു വിളിക്കുന്ന അജന്റിക് ബ്രൗസറും ഇവര്‍ അവതരിപ്പിച്ചിട്ടണ്ട്.
സിവിൽ സർവീസ് പരീക്ഷ ഫലം; ആദ്യ നൂറിൽ 6 മലയാളികൾ
യുപിഎസ് സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് സ്വദേശി ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹരിയാന സ്വദേശി ഹർഷിത ഗോയലിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം മഹാരാഷ്ട്ര സ്വദേശി ഡോംഗ്രേ അർചിത് പരാഗിനാണ്. ആദ്യ 100 റാങ്കിൽ ആറ് മലയാളികളുണ്ട്. പാലാ സ്വദേശി ആൽഫ്രഡ് തോമസ് 33 ാം റാങ്ക് നേടി മലയാളികളിൽ മുന്നിലെത്തി. തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി നായർക്കാണ് 45ാം റാങ്ക്. നിലവിൽ ഡെപ്യൂട്ടി കമ്മീഷണറാണ് മാളവിക.നന്ദന ജിപി 47,സോണറ്റ് ജോസ് 54, റീനു അന്ന മാത്യു- 81, ദേവിക പ്രിയദർശിനി-95 എന്നിവരാണ് യഥാ ക്രമം റാങ്ക് ജേതാക്കൾ
ഗൂഗിൾ.കോ.ഇൻ മറക്കാം;ഇനി ഗൂഗിൾ. കോം മാത്രം
ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാൻ ഉപയോഗിച്ച google.co.in മറക്കാം, ഇനി വെറും google.com മാത്രം. വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് കൂടുതൽ പ്രാദേശികമായി സേർച് റിസൾട്ടുകൾ ലഭിക്കാനാണ് ഇതുപോലെ പ്രാദേശിക ഡൊമെയ്നുകൾ ഗൂഗിൾ ഉപയോഗിച്ചിരുന്നത്.ഇന്ത്യയുടെ google.co.in ന് സമാനമായി യുകെയിൽ google.co.uk, ഫ്രാൻസിലെ google.fr എന്നിങ്ങനെയുള്ള വിവിധ പ്രാദേശിക ഡൊമെയ്നുകൾ ഉപേക്ഷിച്ച് google.com ഗ്ലോബൽ ഡൊമെയ്നിലേക്ക് മാറുകയാണ് ടെക് ഭീമൻ. മാറ്റം പൂർണമാകുന്നതോടെ ലോകത്തിലെവിടെയായിരുന്നാലും എല്ലാവരെയും പ്രധാന google.com ഡൊമെയ്നിലേക്ക് റീ–ഡയറക്‌ട് ചെയ്യുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു. എന്നാൽ തുടർന്നും ഉപയോക്താവിന്റെ നിലവിലെ ലൊക്കേഷൻ അടിസ്ഥാനമാക്കി തന്നെയാവും സേർച് റിസൾട്ടുകൾ ലഭിക്കുക.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; നാളെ പൊതു ദർശനം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. നാളെ രാവിലെ മുതല്‍ സെന്റര്‍ പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കാനും കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് പൊതുദർശനം.
സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദര്‍ശനം. മൃതദേഹം ഇപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്.
സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കും. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് വത്തിക്കാന്റെ ഭരണചുമതല താല്‍ക്കാലികമായി കര്‍ദിനാള്‍ കെവിന്‍ ഫെരെലിന് നല്‍കിയിട്ടുണ്ട്. നയ തീരുമാനങ്ങള്‍ ആവശ്യമായി വന്നാല്‍ കര്‍ദിനാള്‍ സഭ ചേര്‍ന്ന് തീരുമാനമെടുക്കും. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണ കാരണമെന്ന് വത്തിക്കാന്‍ അറിയിച്ചു
എൻ എച്ച് എസിലെ നീണ്ട കാത്തിരിപ്പിന് വിരാമം
ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പദ്ധതികള്‍ വരുന്നു. രോഗികള്‍ക്ക് പ്രാദേശികമായി പരിചരണവും ഉപദേശവും നല്‍കാനുള്ള നടപടികളാണ് നടപ്പാക്കുന്നത്. രോഗികള്‍ക്ക് വിദഗ്ധ ഉപദേശം വേഗത്തില്‍ ലഭ്യമാകുന്നതിന് ജിപികള്‍ക്ക് കൂടുതല്‍ സ്പെഷ്യലിസ്റ്റ് പിന്തുണ നല്‍കുന്നതാണ് പദ്ധതി. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍, ചെവിയിലെ അണുബാധ തുടങ്ങിയവയ്ക്ക് വിദഗ്ധ ഉപദേശം വേഗത്തില്‍ ലഭ്യമാക്കാന്‍ ജിപികള്‍ സ്പെഷ്യലിസ്റ്റുകളുമായി അടുത്ത് പ്രവര്‍ത്തിക്കും. 80 മില്യണ്‍ പൗണ്ടിന്റെയാണ് പദ്ധതി. 2025 ൽ രണ്ട് ദശലക്ഷം പേര്‍ക്ക് അരികില്‍ തന്നെ പരിചരണം ലഭ്യമാക്കാനാണ് ശ്രമം. പദ്ധതി സമയം ലാഭിക്കാനും അനാവശ്യ അപ്പോയ്ന്റുകള്‍ ഒഴിവാക്കി ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കാരെന്‍ സ്മിത്ത് പറഞ്ഞു.
എന്‍എച്ച്എസിലെ നീണ്ട കാത്തിരിപ്പിന് അവസാനം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ശ്രമം. കോള്‍ ആന്‍ഡ് അഡ്വൈസ് എന്നു വിളിക്കുന്ന സ്‌കീം രോഗികളെ വെയ്റ്റിങ് ലിസ്റ്റിലേക്ക് റഫര്‍ ചെയ്യും മുമ്പ് ജിപിമാരേയും ആശുപത്രി വിദഗ്ധരെയും ബന്ധിപ്പിക്കുന്നു. എന്‍എച്ച്എസിന്റെ അമിത ഭാരം കുറയ്ക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.
ഇന്ത്യയിലെ പ്രായം കുറഞ്ഞ കോടീശ്വരൻ; ആരാണ് പതിനേഴു മാസം പ്രായമുള്ള ഏകാഗ്ര
ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ 17 മാസം മാത്രം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് ആകെ 10.65 കോടി രൂപയാണ് ലാഭവിഹിതമായി ഏകാഗ്രയ്ക്ക് ലഭിച്ചത്. മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ ആദ്യത്തെ രണ്ട് പേരക്കുട്ടികള്‍ അക്ഷതാ മൂര്‍ത്തിയുടെയും യുകെ പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക്കിന്റെയും പെണ്‍മക്കളാണ്.
മാസങ്ങള്‍ക്ക് മുന്‍പ് ഏകാഗ്രയ്ക്ക് നാല് മാസം പ്രായമുള്ളപ്പോള്‍ 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തി സമ്മാനിച്ചത്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ പ്രായം കുറഞ്ഞ കോടീശ്വരനായ ഓഹരി ഉടമയായി ഏകാഗ്ര മാറുകയായിരുന്നു. മൂന്ന് തവണയാണ് ഏകാഗ്രയ്ക്ക് ലാഭവിഹിതം ലഭിച്ചത്.
ഈ വര്‍ഷം ആദ്യം ഇടക്കാല ലാഭവിഹിതത്തിലൂടെ ഏകാഗ്ര 7.35 കോടി രൂപ നേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ലാഭവിഹിതമായി 10.65 കോടി രൂപയാണ് ലഭിക്കുക.