ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സർവകലാശാലയും

ഏഷ്യ വന്‍കരയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ദ ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ എഷ്യ യൂണിവേഴ്‌സിറ്റി റാങ്കില്‍ മികച്ച നേട്ടവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല. ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നാലാം സ്ഥാനമാണ് എം ജി സര്‍വകലാശാല സ്വന്തമാക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2025ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ രാജ്യത്തെ 25 മുന്‍നിര സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് എം ജി സര്‍വകലാശാല മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ഏഷ്യയില്‍ 140-ാം സ്ഥാനവും എംജി സര്‍വകലാശാല നേടി. ഏഷ്യന്‍ വന്‍രയിലെ 35 രാജ്യങ്ങളില്‍ നിന്നായി 353 സര്‍വകലാശാലകളെയാണ് ഇത്തവണ റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗവേഷണം, അധ്യയനം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിച്ചിരിക്കുന്നത്. ചൈനയിലെ സിന്‍ഹുവ സര്‍വകലാശാലയാണ് പട്ടികയില്‍ ഒന്നാമത്. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വിവിധ റാങ്കിങുകളില്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്ന എം ജി സര്‍വകലാശാല 2025 ലെ ആഗോള റാങ്കിങില്‍ 401 മുതല്‍ 400 വരെയുള്ള റാങ്ക് വിഭാഗത്തിലാണ്.