വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2 ന് കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.
കഴിഞ്ഞ ഡിസംബറിൽ തുറമുഖത്ത് ചരക്കു നീക്കം ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സിതുര്‍ക്കി കഴിഞ്ഞയാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്. പൂര്‍ണമായും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.
രാജ്യാന്തര തുറമുഖത്തെ ദേശീയ പാതയുമായി ബന്ധപ്പെടുത്തുന്ന താൽക്കാലിക ഗതാഗതത്തിനുള്ള പാത നിർമാണത്തിനും ഇതിനോടകം തുടക്കമായി. തലക്കോട് ഭാഗത്ത് ഇടത്തേക്കും അടിപ്പാത മാർഗത്തിലൂടെ വലത്തേക്കും തിരിഞ്ഞു പോകുന്ന രീതിയിലാണ് പാത നിർമാണം. ഡിസംബറോടെ പൂർത്തിയാകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. പാത സജ്ജമാകുന്നതോടെ തുറമുഖത്തു നിന്നും തിരിച്ചും റോഡു മാർഗമുള്ള കണ്ടെയ്നർ നീക്കം യാഥാർഥ്യമാകും.
റിങ് റോഡ് പദ്ധതി കൂടി ഈ ഭാഗത്ത് എത്തുന്ന മുറക്ക് ക്ലോവർ ലീഫ് മാതൃക റോഡ് ആണ് ഇവിടെ വരുന്ന സ്‌ഥിരം സംവിധാനം. ഇതിന് കുറഞ്ഞത് രണ്ടു വർഷ ത്തിലേറെ സമയം എടുക്കും എന്നതു കൊണ്ടാണ് തുറമുഖ ത്തേക്കുള്ള താൽക്കാലിക റോഡു വേണ്ടിവരുന്നത്. തുറമുഖ കവാടത്തിൽ നിന്നു ബൈപാസ് വരെ ഏകദേശം1.7 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് റോഡ്.