സംസ്ഥാനത്ത് ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകി ഉത്തരവ്. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. സർക്കാർ, സ്വകാര്യ ഐ.ടി പാർക്കുകൾക്കും 10 ലക്ഷം രൂപ വാർഷിക ലൈസൻസ് ഫീസിൽ ലൈസൻസിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകു. ഫോറിൻ ലിക്വർ ഇൻഫർമേഷൻ ടെക്നോളജി പാർക്ക് ലോഞ്ച് ലൈസൻസ് (എഫ്.എൽ 4സി) ബന്ധപ്പെട്ട പാർക്ക് ഡെവലപ്പർമാരുടെ പേരിലാവും അനുവദിക്കുക. ബിവറേജസ് കോർപ്പറേഷൻ വെയർഹൗസുകളിൽ നിന്ന് (എഫ്.എൽ-9) ആയിരിക്കണം മദ്യം വാങ്ങേണ്ടത്.ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്.
ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം. ഐ.ടി പാർക്കുകളിലെ കമ്പനികളിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന സന്ദർശകർക്കുമാണ് ഈ മദ്യശാലകളിൽ നിന്ന് മദ്യം ലഭിക്കുക. പുറത്തുനിന്നുള്ളവർക്ക് മദ്യം വിൽക്കരുതെന്നതാണ് ചട്ടം. നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ലൈസൻസ് മാത്രമേ നൽകൂ. കമ്പനികളോട് ചേർന്നു തന്നെയാകും മദ്യശാലകൾ. പക്ഷേ, ഓഫിസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം. ഗുണമേന്മയില്ലാത്ത മദ്യം വിൽക്കരുതെന്നും എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.ടെക്നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർപാർക്ക്, സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ളവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.