ഇംഗ്ലണ്ടിലെ മെലനോമ രോഗികള്‍ക്ക് പുതിയ കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് എന്‍എച്ച്എസ്. അഡ്വാന്‍സഡ് സ്കിന്‍ കാന്‍സറായ മെലനോമ രോഗികൾക്കാണ് എൻഎച്ച്എസ് പരീക്ഷണത്തിലൂടെ പുതിയ ക്യാൻസർ വാക്സിന്‍ ലഭ്യമാകുക. iSCIB1+ (ImmunoBody) എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിന്‍, രോഗപ്രതിരോധ സംവിധാനത്തെ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും സഹായിക്കും. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കാന്‍സര്‍ വാക്സിന്‍ ലോഞ്ച് പാഡിന്റെ (സിവിഎല്‍പി) ഭാഗമായാണ് പരീക്ഷണം നടക്കുന്നത്. കുടല്‍ കാന്‍സര്‍ വാക്സിനിനായുള്ള പരീക്ഷണങ്ങളില്‍ ചേരാന്‍ നിരവധി രോഗികളെ സിവിഎല്‍പി ഇതിനോടകം സഹായിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെലാനോമയ്ക്കുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇംഗ്ലണ്ടിലെ 10,000 രോഗികള്‍ക്ക് വ്യക്തിഗത കാന്‍സര്‍ ചികിത്സകള്‍ നല്‍കുക എന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.
ഇംഗ്ലണ്ടിലുള്ള ആശുപത്രികള്‍ കാന്‍സര്‍ വാക്സിന്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനായി ലൈഫ് സയന്‍സസ് കമ്പനിയായ സ്കാന്‍സെലിന്റെ പങ്കാളിത്തത്തോടെയാണ് എന്‍എച്ച്എസ് പരീക്ഷണം നടത്തുന്നത്. ഇതിനോടകം ഏഴ് ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത മാസം ആദ്യ രോഗികളെ റഫര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിലെ അഞ്ചാമത്തെ ഏറ്റവും സാധാരണമായ കാന്‍സറാണ് മെലനോമ. അതായത്, പുതിയതായി രേഖപ്പെടുത്തുന്ന എല്ലാ പുതിയ കാന്‍സര്‍ കേസുകളിലും ഏകദേശം 4% ഇതാണ്.
ത്വക്ക് കാന്‍സറിന് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും കാന്‍സര്‍ വാക്സിനുകള്‍ക്ക് കാന്‍സര്‍ പരിചരണത്തില്‍ വലിയ രീതിയിലുള്ള മാറ്റം വരുത്താന്‍ കഴിയുമെന്നും എന്‍എച്ച്എസ് ദേശീയ കാന്‍സര്‍ ഡയറക്ടര്‍ പ്രൊഫ. പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. പുതിയ പരീക്ഷണം നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.