സ്തനാർബുദം ഭേദമായ രോഗികൾക്ക് ആശ്വാസകരമായ ഒരു പുതിയ മരുന്നിന് എൻഎച്ച്എസ് അംഗീകാരം നൽകി. ഒരിക്കൽ സ്തനാർബുദം വന്ന് സുഖം പ്രാപിച്ചവരിൽ രോഗം വീണ്ടും വരുന്നത് തടയാൻ സഹായിക്കുന്ന ‘കിസ്കാലി’ (Kisqali) എന്ന മരുന്നിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ ഈ മരുന്നിന്റെ ഉപയോഗത്തിന് മെഡിസിൻ വാച്ച് ഡോഗ് അനുമതി നൽകി.
ആഗോളതലത്തിൽ 20 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ രോഗികളുടെ എണ്ണത്തിൽ 38% വർധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പ്രവചിക്കുന്നു. സ്തനാർബുദം മൂലമുള്ള മരണങ്ങളിൽ 68% വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിന്റെ (ഐഎആർസി) ഏറ്റവും പുതിയ വിശകലനം വ്യക്തമാക്കുന്നു. ബ്രിട്ടനിലെ ഉയർന്ന സ്തനാർബുദ നിരക്ക് കണക്കിലെടുക്കുമ്പോൾ ‘കിസ്‌കാലി’ മരുന്ന് നിരവധി പേർക്ക് ഉപകാരപ്രദമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ. അർബുദ കോശങ്ങളുടെ വളർച്ചയിലും വിഭജനത്തിലും പ്രധാന പങ്കുവഹിക്കുന്ന സിഡികെ 4, സിഡികെ 6 എന്നീ പ്രോട്ടീനുകളെ തടയാൻ ഈ പുതിയ മരുന്നിന് സാധിക്കും. ഇത് അർബുദ മുഴകളുടെ വളർച്ചയെ മന്ദഗതിയിലാക്കാനോ പൂർണ്ണമായി തടയാനോ സഹായിക്കും. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്ന ഹോർമോൺ ചികിത്സയായ അരോമാറ്റേസ് ഇൻഹിബിറ്ററിനൊപ്പം ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് എൻഎച്ച്എസ് നൽകുന്ന നിർദ്ദേശം.