ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ് (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ജൂലൈ 18 നു ആരംഭിക്കും. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യന്‍സ് ടീമായിരുന്നു ആദ്യ സീസണില്‍ ജേതാക്കളായത്. ഇംഗ്ലണ്ടിലെ എഡ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ നടന്ന കലാശപ്പോരില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം കിരീടം ചൂടിയത്. ഈ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും രണ്ടാം സീസണിനായി ഇന്ത്യ കച്ചമുറുക്കുക.
ഡബ്ല്യുസിഎല്ലിന്റെ രണ്ടാം എഡിഷന്റെ മല്‍സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20ന് ഞായറഴ്ച പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. ശേഷം 22ന് സൗത്താഫ്രിക്ക ചാംപ്യന്‍സുമായിട്ടാണ് ഇന്ത്യയുടെ രണ്ടാമങ്കം. 26ന് നടക്കുന്ന മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സാണ് ഇന്ത്യയുടെ എതിരാളികള്‍. ജൂലൈ 27ന് ഇംഗ്ലണ്ട് ചാംപ്യന്‍സുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. അവസാനത്തെ ലീഗ് മല്‍സരം 29ന് വെസ്റ്റ് ഇന്‍ഡീസ് ചാംപ്യന്‍സുമായിട്ടാണ്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു മുന്നേറും. ജൂലൈ 31നാണ് സെമി ഫൈനലുകള്‍ നടക്കാനിരിക്കുന്നത്. കലാശക്കളി ആഗസ്റ്റ് രണ്ടിന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ങാമിൽ നടക്കും.
ഡബ്ല്യുസിഎല്ലിന്റെ രണ്ടാം എഡിഷനിലും യുവരാജ് സിങ് തന്നെയാവും ഇന്ത്യ ചാംപ്യന്‍സ് ടീമിനെ നയിച്ചേക്കുക. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുതുതായി ഇന്ത്യന്‍ ടീമിലേക്കു വന്നേക്കും. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടാം എഡിഷനിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായി കളിച്ച മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും സൂപ്പര്‍ ഫീല്‍ഡറുമായ സുരേഷ് റെയ്‌ന, മുന്‍ ഓള്‍റൗണ്ടര്‍മാരായ യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം രണ്ടാം എഡിഷനിലും ഇന്ത്യന്‍ സംഘത്തിലുണ്ടാകും.
ടിക്കറ്റുകൾക്ക് WCLന്റെ വെബ്സൈറ്റ് സന്ദർശിക്കുക.https://www.wclcricket.com/