ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാനായി
രൂപകല്‍പ്പന ചെയ്ത ‘ടിസിഎസ് സോവറിന്‍ സെക്യൂര്‍ ക്ലൗഡ്’, ‘ടിസിഎസ് ഡിജിബോള്‍ട്ട്’, ‘ടിസിഎസ് സൈബര്‍ ഡിഫന്‍സ് സ്യൂട്ട്’ എന്നിവയാണ് അവതരിപ്പിച്ചത്. ഇന്ത്യയുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച് രൂപകല്‍പന ചെയ്ത സേവനങ്ങളാണിത്.
ന്യൂഡല്‍ഹിയില്‍ നടന്ന ടിസിഎസിന്റെ ‘ആക്‌സിലറേറ്റിങ് ഇന്ത്യ’ പരിപാടിയിലാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്.
പൂര്‍ണ്ണമായും ടിസിഎസ് നിര്‍മിച്ച് നിയന്ത്രിക്കുന്ന ആദ്യത്തെ സ്വദേശീയവും സുരക്ഷിതവുമായ ക്ലൗഡ് പ്ലാറ്റ്‌ഫോമാണ് ടിസിഎസ് സോവറിന്‍ സെക്യൂര്‍ ക്ലൗഡ്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയുടെ ഡാറ്റാ സുരക്ഷയും എഐ അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കുന്നു. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ടിസിഎസ് ഡാറ്റാ സെന്ററുകളിൽ സെന്‍സിറ്റീവ് ഡാറ്റ സംഭരിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2023-ലെ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടിന് അനുസൃതമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
എഐയുടെ ശക്തി ഉള്‍ക്കൊള്ളുന്ന ഒരു ലോ-കോഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ടിസി എസ് ഡിജിബോൾട്ട് കമ്പനികള്‍ക്ക് വേഗത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം നടത്താനും പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു.
ഓപ്പണ്‍ സോഴ്‌സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ പ്ലാറ്റ്‌ഫോം, എഐ ആപ്ലിക്കേഷനുകള്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ സഹായിക്കും.
ലോകത്തെ മുന്‍നിര സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമാണ് ടിസിഎസ് സൈബർ ഡിഫെൻസ് സ്യൂട്ട്. എഐ ബേസ്ഡ് ത്രെട്ട് ഡിറ്റക്ഷന്‍, റിസ്‌ക് മാനേജ്‌മെന്റ് എന്നിവ വഴി സംഘടനകളുടെ ഡാറ്റ സുരക്ഷിതമാക്കാന്‍ ഇത് സഹായിക്കുന്നു.