നഴ്സുമാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വർധനവുമായി സ്കോട്ലാൻഡ്

സ്‌കോട്ലാന്‍ഡിലെ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ധനവ് എന്‍ എച്ച് എസ് സ്‌കോട്ലാന്‍ഡ് പ്രഖ്യാപിച്ചു. 2025 – 26 കാലത്തേക്ക് 4.25 ശതമാനം വര്‍ധനവും അടുത്ത വര്‍ഷം 3.75 ശതമാനം വര്‍ധനവുമായിരിക്കും നടപ്പില്‍ വരുത്തുക. ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പള വര്‍ധനവിനേക്കാള്‍ 2.8 ശതമാനം കൂടുതലാണ് ഇപ്പോള്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വര്‍ധനവ്. ഇതോടെ എന്‍ എച്ച് എസ് ശമ്പളത്തെ കുറിച്ചുള്ള പല ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ഈ ഓഫര്‍ പാലിക്കാന്‍ സ്‌കോട്ടിഷ് സര്‍ക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടതായി വരും. സര്‍ക്കാരിന്റെ ഈ ശമ്പള വർദ്ധനവ് അംഗങ്ങളുമായി ചര്‍ച്ചചെയ്യുമെന്നും ഡിജിറ്റല്‍ ബാലറ്റിലൂടെ തീരുമാനത്തിലെത്തുമെന്നുമാണ് യൂണിസണ്‍ യൂണിയന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശം വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സ്‌കോട്ട്‌ലാന്‍ഡിന്റെ പ്രതികരണം. എന്‍ എച്ച് എസ് സ്‌കോട്ലാന്‍ഡിലെയും സ്‌കോട്ടിഷ് ആംബുലന്‍സിലെയും വലിയ യൂണിയനുകളില്‍ ഒന്നായ ജി എം ബി സ്‌കോട്ട്‌ലന്‍ഡും ഇക്കാര്യം അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിട്ട് തീരുമാനിക്കും.