റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ അധ്യക്ഷയായി ഇന്ത്യന്‍ വംശജ

ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍(ആര്‍സിപി) 123മത് അധ്യക്ഷയായി ഡോ.മുംതാസ് പട്ടേലിനെ തെരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള 40,000 അംഗങ്ങളുള്ള ഡോക്ടര്‍മാരുടെ കൂട്ടായ്മയുടെ തലപ്പത്തേയ്ക്കാണ് ഒരു ഇന്ത്യാക്കാരി നടന്ന് കയറിയിരിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതിമാരുടെ മകളായി ഡോ.മുംതാസ് വടക്കന്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലാണ് ജനിച്ചത്. മാഞ്ചസ്റ്ററില്‍ നെഫ്രോളജിസ്റ്റായി പ്രവര്‍ത്തിച്ച് വരുന്നു ഇവർ  ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയാണ്. എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ ആര്‍സിപിയെ ഏറ്റവും മികച്ച സംഘടനയാക്കി മാറ്റുമെന്ന് ഡോ. മുംതാസ് പറഞ്ഞു. രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

2024 ജൂണ്‍ മുതല്‍ ആര്‍സിപിയിലെ മുതിര്‍ന്ന സെന്‍സര്‍, വിദ്യാഭ്യാസ-പരിശീലന പരിപാടിയുടെ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ച് വരികയാണ്. അധ്യക്ഷ പദവിയിലേക്ക് എത്തിയതോടെ ഇവര്‍ ട്രസ്റ്റംഗവുമാകും. ആര്‍സിപി ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഡോ.മുതാംസ് ഈ ചുമതല ഏറ്റെടുക്കുന്നതെന്നും അഖണ്ഡതയോടെയും ഐക്യത്തോടെയും സംഘടനയെ മുന്നോട്ട് നയിക്കാന്‍ അവര്‍ക്ക് ആകുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്നും ആര്‍സിപി ട്രസ്റ്റ് അധ്യക്ഷ ഡോ.ഡയാന വാല്‍ഫോര്‍ഡ് സിബിഇ പറഞ്ഞു.ഡോ. മുംതാസ് ബ്രിട്ടണിലും രാജ്യാന്തര തലത്തിലും വിവിധ വിദ്യാഭ്യാസ -നേതൃത്വ കോഴ്സുകളില്‍ പങ്കെടുത്തിട്ടുള്ള ആളാണ്. മികച്ച കിഡ്നി രോഗ വിദഗ്ദ്ധയുമാണ്. നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഡോക്ടര്‍മാര്‍ക്ക് മതിയായ പിന്തുണ നല്‍കാനും അവര്‍ക്കാകുമെന്ന പ്രതീക്ഷയും ആര്‍സിപി റസിഡന്റ് ഡോക്ടേഴ്സ് സമിതി സഹ അധ്യക്ഷരായ ഡോ. ആന്റണി മാര്‍ട്ടിനെല്ലിയും ഡോ. കാതറീന്‍ റൊവാനും പങ്കുവച്ചു.