ഇംഗ്ലണ്ടിലെ രോഗനിരക്ക് കൈകാര്യം ചെയ്യാനായി പ്രധാന പദ്ധതി എന്‍എച്ച്എസ് ആവിഷ്കരിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ കയറി രോഗികളുണ്ടോയെന്ന് പരിശോധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ്. ഓരോ മാസവും സന്ദര്‍ശിക്കേണ്ട 120 വീടുകളുടെ പട്ടിക തയ്യാറാക്കാൻ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കറെ നിയോഗിക്കും. ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ചികിത്സ ആവശ്യമുള്ളവരെ മുന്‍കൂറായി തിരിച്ചറിയാമെന്നാണ് കരുതുന്നത്. ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍ക്ക് 120 വീടുകളുടെ ബാച്ച് അനുവദിക്കുന്ന രീതിയിലാണ് പുതിയ മോഡല്‍. ഇതുവഴി ഇവര്‍ വീടുകളില്‍ പ്രതിമാസ സന്ദര്‍ശനങ്ങള്‍ നടത്തണം.
ഇംഗ്ലണ്ടിലെ 25 മേഖലകളില്‍ ഈ സ്‌കീം പരീക്ഷണാടിസ്ഥാനത്തില്‍ നടത്താനാണ് പദ്ധതി. തൊഴിലില്ലായ്മ, കടമെടുപ്പ്, വിയോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ എന്‍എച്ച്എസിന് മേല്‍ സാമ്പത്തിക ബാധ്യതയായി പര്യവസാനിക്കുന്ന രീതി കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യം. സ്‌കീമിന്റെ ആദ്യ ട്രയല്‍സില്‍ ജനങ്ങള്‍ അമിതമായി എന്‍എച്ച്എസിനെ ഉപയോഗിക്കുന്നത് കുറയുന്നതിന്റെ ശുഭസൂചനകള്‍ ലഭ്യമായിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. യുവാക്കളെ എന്‍എച്ച്എസ് ആപ്പ് വഴി ഫാര്‍മസിയിലേക്ക് വിടാനും, ജിപിമാര്‍ക്ക് പ്രായമായ രോഗമേറിയ ആളുകളെ ശ്രദ്ധിക്കാനും അവസരം നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി രോഗികളെ നേരത്തെ തന്നെ കണ്ടെത്തുക വഴി കമ്മ്യൂണിറ്റിയില്‍ തന്നെ മുഖ്യമായ പരിചരണം ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്ന് സ്ട്രീറ്റിംഗ് കരുതുന്നു.