യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍

ബ്രിട്ടനില്‍ പുതിയ പാസ്പോര്‍ട്ടിനും പാസ്പോര്‍ട്ട് പുതുക്കാനുമുള്ള അപേക്ഷകള്‍ക്കും ഫീസ് തുടരെ മൂന്നാം വര്‍ഷവും കുത്തനെ കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വര്‍ധന. പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍പെങ്ങും ഇല്ലാത്തവിധം വര്‍ധന വന്നതോടെയാണ് ഫീസും വര്‍ധിപ്പിക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്. ഏപ്രില്‍ പത്തു മുതല്‍ ഫീസ് വര്‍ധന പ്രാബല്യത്തിലാകും. കഴിഞ്ഞ ഏപ്രിലിലും പാസ്പോര്‍ട്ട് ഫീസ് ഏഴു ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023ല്‍ ഒന്‍പത് ശതമാനമായിരുന്നു വര്‍ധന.

പുതിയ നിരക്കു പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഫീസ് 88.50 പൗണ്ടില്‍ നിന്നും 94.50 പൗണ്ടായി ഉയരും. കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് ഫീസ് 74 പൗണ്ടായും വര്‍ധിക്കും. പോസ്റ്റല്‍ ആപ്ലിക്കേഷന് പ്രായപൂര്‍ത്തിയായവര്‍ക്ക് ഇപ്പോള്‍ നിലവിലുള്ള 100 പൗണ്ട് 107 പൗണ്ടായും കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് 74 പൗണ്ടായും ഉയരും.

പ്രീമിയം വണ്‍ഡേ സര്‍വീസിന് നിലവിലെ ഫീസായ 207.50 പൗണ്ട് 222 പൗണ്ടായും കുട്ടികള്‍ക്കിത് 176.50ല്‍ നിന്നും 189 പൗണ്ടായും വര്‍ധിക്കും. ഓരോ വര്‍ഷവും ഫീസിനത്തില്‍ വര്‍ധന വരുത്തുന്നുണ്ടെങ്കിലും പാസ്പോര്‍ട്ട് നല്‍കുന്ന പ്രക്രിയയില്‍ ഹോം ഓഫിസ് ലാഭം ഉണ്ടാക്കുന്നില്ലെന്നും പ്രിന്റിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ ചെലവിനുള്ള പണം മാത്രമാണ് പൗരന്മാരില്‍ നിന്നും ഇടാക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.

2025 ഏപ്രില്‍ രണ്ടിന് ശേഷം ബ്രിട്ടനിലേക്ക് സന്ദര്‍ശനത്തിനെത്തുന്നവര്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കേണ്ടതായും വരും. ഓരോ വര്‍ഷവും യുകെ ബോര്‍ഡര്‍ കടന്നു പോകുന്നവര്‍ക്കായി കൂടുതല്‍ സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ ഒഴികെ മറ്റെല്ലാവരും ഇവിടെ വരുന്നതിന് മുന്‍പായി യാത്ര ചെയ്യുന്നതിനുള്ള അനുമതി എടുത്തിരിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.

ഇത് ഇലക്ട്രോണിക് ഓഥറൈസേഷന്‍ വഴിയോ അല്ലെങ്കില്‍ ഇവിസ വഴിയോ ആകാം. ബ്രിട്ടനിലേക്കുള്ള ഒട്ടുമിക്ക ഒഴിവുകാല യാത്രക്കാര്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഇപ്പോള്‍ ഒരു വിസ ആവശ്യമില്ല. എന്നാല്‍, ഏപ്രില്‍ രണ്ടിന് ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ഐറിഷ് പൗരന്മാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ഇടിഎ ആവശ്യമായി വരും.

ഇടിഎ സംവിധാനം, മുഴുവന്‍ വിദേശികള്‍ക്കും ബാധകമാക്കുക വഴി ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വലിയൊരു പരിധി വരെ തടയാനാവും എന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍, ഹീത്രൂ വിമാനത്താവളാധികൃതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇടിഎ ആവശ്യമാണ് എന്ന നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി യുകെ ഇ ടി ആപ്പ് വഴിയോ, സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

ഇടിഎയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഫോട്ടോഗ്രാഫ് നല്‍കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതായിട്ടുണ്ട്. അപകടകാരികളായവര്‍ യുകെയില്‍ പ്രവേശിക്കുന്നത് തടയുന്നതിനാണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ പാസ്‌പോര്‍ട്ടുമായി ഇടിഎ ബന്ധിപ്പിക്കും. ഇതിനായി 10 പൗണ്ട് ഫീസും ഈടാക്കുന്നുണ്ട്. ഇടിഎ ലഭിച്ചാല്‍, രണ്ട് വര്‍ഷം വരെയോ അതല്ലെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുന്നത് വരെയോ ഏതാണ് ആദ്യം അതുവരെ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. എന്നാല്‍, ഓരോ തവണയും ആറുമാസത്തില്‍ കൂടുതല്‍ ബ്രിട്ടനില്‍ താമസിക്കാന്‍ കഴിയില്ല.