വര്‍ക്ക് പെര്‍മിറ്റും എക്സ്റ്റന്‍ഷനും പിആറും മുതല്‍ സ്റ്റുഡന്റ് വിസ വരെ സകല വിസ അപേക്ഷകളുടെയും ഫീസ് കുത്തനെ ഉയര്‍ത്തി ഹോം ഓഫീസ്; എന്‍എച്ച്എസ് സര്‍ചാര്‍ജ് കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒരു വ്യക്തിക്ക് മാത്രം 5000 പൗണ്ടിലേറെ ചെലവ്

വരുന്ന ഏപ്രില്‍ ഒന്‍പതു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വര്‍ധിപ്പിച്ച വിസ – സ്പോണ്‍സര്‍ഷിപ്പ് ഫീസുകള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ഫീസുകളിലും വര്‍ധനവ് ഉണ്ട് എന്ന് മാത്രമല്ല, സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ഉടമകള്‍, സ്പോണ്‍സര്‍മാര്‍, സ്ഥിരതാമസത്തിനും പൗരത്വത്തിനും അപേക്ഷിക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ മിക്കവാറും എല്ലാവരെയും ഇത് ബാധിക്കുകയും ചെയ്യും. 8.50 പൗണ്ട് മുതല്‍ 286 പൗണ്ട് വരെയാണ് വിവിധയിനങ്ങളിലെ വര്‍ധനവ്.

ഇതില്‍ സ്‌കില്‍ഡ് വര്‍ക്കര്‍, സീനിയര്‍ സ്പെഷ്യലിസ്റ്റ് വര്‍ക്കര്‍മാര്‍, മത പ്രഭാഷകര്‍, അന്താരാഷ്ട്ര തലത്തിലുള്ള കായിക താരങ്ങള്‍ എന്നിവര്‍ക്കുള്ള സ്പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ നിരക്കാണ് ഏറ്റവും അധികം വര്‍ദിച്ചിരിക്കുന്നത്. നിലവില്‍ 239 പൗണ്ട് എന്നത് 525 പൗണ്ടായി ഉയരും. മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായുള്ള അപേക്ഷഫീസ് 719 പൗണ്ട് ആയിരുന്നത് 769 പൗണ്ട് ആയി വര്‍ധിക്കും. അതേസമയം, അഞ്ചു വര്‍ഷത്തേക്കുള്ളത് 1,420 പൗണ്ടില്‍ നിന്നും 1,519 പൗണ്ടായാണ് വര്‍ദ്ധിക്കുന്നത്.

ഇത് രണ്ടും ബ്രിട്ടന് പുറത്തു നിന്ന് അപേക്ഷിക്കുന്നതിനുള്ള ഫീസുകളാണ്. ബ്രിട്ടന് അകത്തു നിന്നു തന്നെ അപേക്ഷിക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്കുള്ള ഫീസ് 827 പൗണ്ടില്‍ നിന്നും 885 പൗണ്ട് ആയും, അഞ്ചു വര്‍ഷത്തേക്കുള്ളത് 1,636 പൗണ്ടില്‍ നിന്നും 1,751 പൗണ്ട് ആയും വര്‍ദ്ധിക്കും. ഇമിഗ്രേഷന്‍ സാലറി ലിസ്റ്റില്‍ സ്‌കില്‍ഡ് വര്‍ക്കറുടെ ഫീസ് വിസയുടെ കാല ദൈര്‍ഘ്യം അനുസരിച്ച് 39 മുതല്‍ 76 പൗണ്ട് വരെ വര്‍ദ്ധിക്കും.

സ്പോണ്‍സര്‍ ലൈസന്‍സ് ഫീസ്, 1,476 പൗണ്ടില്‍ നിന്നും 103 പൗണ്ട് വര്‍ദ്ധിച്ച് 1,579 ആകും. അതേസമയം സ്ഥിരതാമസത്തിനുള്ള (ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍) അപേക്ഷാ ഫീസ് 2,885 പൗണ്ടില്‍ നിന്നും 3,029 പൗണ്ട് ആയി വര്‍ധിക്കും. ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷ 1,500 പൗണ്ടില്‍ നിന്നും 1,605 പൗണ്ട് ആയും ഉയരും. കുട്ടികള്‍ക്കുള്ള കണ്‍വെന്‍ഷന്‍ ട്രാവല്‍ ഡോക്യുമെന്റിനുള്ള ഫീസിലാണ് ഏറ്റവും കുറവ് വര്‍ധനവുള്ളത്. ഇത് 53 പൗണ്ടില്‍ നിന്നും 61.50 പൗണ്ട് ആയി വര്‍ധിക്കും.

രസകരമായ കാര്യം, മുന്‍ഗണന നല്‍കി പ്രക്രിയകള്‍ വേഗത്തിലാക്കുന്നത് ഉള്‍പ്പടെയുള്ള പ്രീമിയം സര്‍വീസുകളുടെ നിരക്കില്‍ വര്‍ധനവില്ല എന്നതാണ്. സ്പോണ്‍സറിംഗ് നിരക്കും വിസ അപേക്ഷാ ഫീസും വര്‍ധിച്ചതോടെ യുകെയിലെ കുടിയേറ്റക്കാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. തൊഴിലുടമകളുടെ റിക്രൂട്ട്‌മെന്റ് ചെലവും ഇതോടൊപ്പം വര്‍ധിക്കും. ഏപ്രില്‍ ഒന്‍പതു മുതലായിരിക്കും പുതിയ ചാര്‍ജ്ജുകള്‍ നിലവില്‍ വരിക എന്ന് ഹോം ഓഫീസ് ഒരു കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍ ചിലത് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ തൊഴിലുടമയ്ക്ക് കഴിയും.