ഇന്ത്യക്കാരെ മാത്രമേ പരിഗണിക്കൂ’; യുകെയിൽ വിചിത്ര ജോലി ഒഴിവ് അറിയിപ്പുമായി കമ്പിനി, പിന്നാലെ ഖേദപ്രകടനം

ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ’എന്ന ജോലി ഒഴിവ് അറിയിപ്പുമായി യുകെയിൽ സോഫ്റ്റ്‌വെയർ കമ്പനി രംഗത്ത് എത്തിയത് വിവാദങ്ങൾക്ക് കാരണമായി. പരസ്യത്തിലെ വിചിത്രമായ ആവശ്യം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ കമ്പനി ഖേദ പ്രകടനവും നടത്തി. റിക്രൂട്ട്മെന്റ് സൈറ്റുകളിൽ ഡെവലപ്പ്പമെന്റ് എൻജിനീയർ തസ്തികയിലേക്കുള്ള ജോലി ഒഴിവിന്റെ അറിയിപ്പ് നൽകി. അറിയിപ്പിൽ ‘നിങ്ങൾ യുകെയിൽ ജോലിക്കായി സ്പോൺസർഷിപ്പ് തേടുകയാണോ?’, ‘നിങ്ങളുടെ മാതൃരാജ്യം ഏതാണ്?’. എന്നിങ്ങനെയുള്ള വീസയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നു. അറിയിപ്പിലെ ആവശ്യങ്ങളും വിവേചനവും ശ്രദ്ധയിൽപ്പെട്ടവർ വ്യാപകമായ വിമർശനങ്ങൾക്ക് തുടക്കം കുറിച്ചതോടെയാണ് കമ്പനി ക്ഷമാപണം നടത്തിയത്. യുഎസിലെ ന്യൂജഴ്‌സിയിലും ഇന്ത്യയിലെ ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും ഓഫിസുകളുള്ള കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിലാണ്. ജോലി അറിയിപ്പ് തെറ്റായി നൽകിയത് കമ്പനിയുടെ ജീവനക്കാരിൽ ഒരാളാണെന്നും പരസ്യം പിൻവലിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അധികൃതർ അറിയിച്ചു. ജോലി ഒഴിവിലേക്ക് ആരെയും ഇതുവരെയും നിയമിച്ചിട്ടില്ലാ എന്നും ക്ഷമാപണ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.