ഭൂമിയിലെ സൂര്യ പ്രകാശത്തിന്റെ തീവ്രത കുറയ്ക്കാൻ യുകെ

വേനൽ കാലം അടുത്താൽ  ആരും ചിന്തിച്ചുപോകുന്ന കാര്യമാണ് സൂര്യന്റെ പ്രകാശം ഒന്ന് കുറഞ്ഞിരുന്നെങ്കിലോ എന്ന്.  തീവ്രത കുറയ്ക്കുന്നത് മനുഷ്യസാധ്യമോ എന്ന് തോന്നിയേക്കാം. എന്നാല്‍ അത്തരത്തിലൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് യു.കെ ആഗോളതാപനം നേരിടാനുള്ള നീക്കങ്ങളുടെ ഭാഗമായി ഭൂമിയിലേയ്ക്കെത്തുന്ന സൂര്യപ്രകാശം കുറയ്ക്കാനുള്ള പരീക്ഷണത്തിന് യുകെ ഭരണകൂടം ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന്  റിപ്പോര്‍ട്ടുകൾ.
ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുന്ന തിന്റെ സാധ്യത വിലയിരുത്തുന്നതിനായി നിരവധി ചെറിയ പരീക്ഷണങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.567 കോടി രൂപയുടെ (50 ദശലക്ഷം പൗണ്ട്) സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പദ്ധതിയാണിത്.അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെന്‍ഷന്‍ ഏജന്‍സി (Aria) പിന്തുണയ്ക്കുന്ന സോളാര്‍ ജിയോ എഞ്ചിനീയറിംഗ് പദ്ധതി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

അതിനിടെ, പദ്ധതിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പരീക്ഷണങ്ങള്‍ എത്രകാലം നടത്താം എന്നതിനെക്കുറിച്ചും അവ മൂലമുണ്ടാകുന്ന മാറ്റം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് ശക്തമായ വ്യവസ്ഥകളുണ്ടെന്നാണ് Aria-യുടെ പ്രോഗ്രാം ഡയറക്ടര്‍ പ്രൊഫ. മാര്‍ക്ക് സൈംസ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്. പരിസ്ഥിതിയിലേക്ക് ഏതെങ്കിലും വിഷ പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുന്നതിന് ധനസഹായം നല്‍കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനായി സ്ട്രാറ്റോസ്ഫിയറിലയ്ക്ക് ചെറുകണികകള്‍ പുറത്തുവിടുന്നതാണ് ഒരു പരീക്ഷണം. താഴ്ന്ന മേഘങ്ങളുടെ പ്രതിഫലന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കപ്പലുകള്‍ കടലിലെ ഉപ്പ് കണികകള്‍ ആകാശത്തേക്ക് തളിക്കുന്ന മറൈന്‍ ക്ലൗഡ് ബ്രൈറ്റനിംഗ് ആണ് മറ്റൊരു സാധ്യത. ഇത്തരം പരീക്ഷണങ്ങള്‍
വിജയിക്കുകയാണെങ്കില്‍ താപനില താല്‍ക്കാലികമായി കുറയ്ക്കാനും കാലാവസ്ഥാ പ്രതിസന്ധി വൈകിപ്പിക്കാനും കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ആഗോള കാര്‍ബൺ
പുറന്തള്ളലില്‍ കുറവു വരുത്താന്‍ കൂടുതല്‍ സമയം നല്‍കാനും ഇതുമൂലം സാധ്യമായേക്കും.

എന്നിരുന്നാലും ജിയോ എഞ്ചിനീയറിംഗ് പ്രോജക്റ്റുകള്‍ ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പരീക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലകാരണമായ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് കുറയ്ക്കാനുള്ള നീക്കങ്ങളെ തടസപ്പെടുത്തുമെന്നും ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍, ലോകം നിര്‍ണ്ണായക പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തുകയാണെന്നും ഈ സ്ഥിതിയിലേക്കെത്തുന്നത് തടയാന്‍ ഇത്തരം പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും സൈംസ് ചൂണ്ടികാട്ടി. കുറഞ്ഞ സമയത്തിനുള്ളില്‍ ലോകത്തെ തണുപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.