സൗദി അറേബ്യയ്ക്ക് പിന്നാലെ ക്രൂഡ് ഓയിലിന്റെ വില കുറച്ച് ഖത്തറും. അൽ-ഷഹീൻ ക്രൂഡിന്റെ മെയ് മാസത്തെ വില്‍പ്പന വിലയാണ് ഖത്തർ കുറച്ചിരിക്കുന്നതെന്നാണ് വ്യാപാര സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ വിലനിലവാര പ്രകാരം അല്‍-ഷഹീന്‍ ക്രൂഡിന്റെ മെയ് മാസത്തിലെ വില്‍പ്പന വില ബായ് ബെഞ്ച്മാർക്കിനേക്കാൾ ബാരലിന് 1.29 ഡോളർ കുറവായിരിക്കും.
റിഫൈനറി അറ്റകുറ്റപ്പണി കാരണം സീസണിൽ ഏഷ്യയിൽ ആവശ്യക്കാർ കുറവായതും വിതരണക്കാർ കുറവായതും കാരണം മിഡിൽ ഈസ്റ്റ് ക്രൂഡ് ബെഞ്ച്മാർക്കുകളായ ദുബായ്, ഒമാൻ എന്നിവിടങ്ങളിലും സമാനമായ ഇടിവുണ്ടായതിനെ തുടർന്നാണ് ഖത്തറും വില കുറയ്ക്കാന്‍ നിർബന്ധിതരായത്. അതേസമയം തന്നെ ദുബായ് വിലയേക്കാൾ ബാരലിന് 1.17 ഡോളർ അധിക വിലയ്ക്ക് നാല് കാർഗോകൾ സ്വിസ് ട്രേഡിങ് കമ്പനിയായ വിറ്റോളിനും ബാക്കി കാർഗോ ചൈനയിലെ സി എൻ ഒ ഒ സിക്ക് ബാരലിന് 1.30 ഡോളർ പ്രീമിയത്തിലും ഖത്തർ വിറ്റിട്ടുണ്ട്.
മെയ് 1-2, 14-15, 15-16, 27-28, 28-29 തീയതികളിലാണ് ഖത്തറില്‍ നിന്നുള്ള കാർഗോകൾ ലോഡ് ചെയ്യുന്നത്. കഴിഞ്ഞ മാസം, ഖത്തർ എനർജി അൽ-ഷഹീൻ ക്രൂഡ് ബാരലിന് 3.50 ഡോളറിനാണ് ഗ്ലെൻകോറിന് വിറ്റത്. ഇന്ത്യയെ സംബന്ധിച്ച് ഖത്തർ പ്രധാന ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാർ അല്ലെങ്കിലും വിലക്കുറവിന്റെ ആനുകൂല്യം നമ്മുടെ രാജ്യത്തിനും ലഭിക്കും.
എന്നാല്‍ സൗദി അറേബ്യയുടെ നീക്കം ഇന്ത്യക്ക് വലിയ തോതില്‍ ആശ്വാസം പകരും. റഷ്യയും ഇറാഖും കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തുന്നത് സൗദിയില്‍ നിന്നാണ്. ഇന്ത്യയും ചൈനയും അടങ്ങുന്ന ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ക്രൂഡ് ഓയിലിന്റെ വില്‍പ്പന വിലയാണ് സൗദി അറേബ്യ അടുത്തിടെ കുറച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വർധിപ്പിച്ചതിന് ശേഷമാണ് ഇത്തരമൊരു നീക്കം എന്നതാണ് ശ്രദ്ധേയം.
തങ്ങളുടെ ഫ്ലാഗ്ഷിപ്പ് അറബ് ലൈറ്റ് ക്രൂഡിന്റെ ഏപ്രിൽ മാസത്തെ ഔദ്യോഗിക വിൽപ്പന വില (OSP) ഒമാൻ, ദുബായ് വിലകളുടെ ശരാശരിയേക്കാൾ 40 സെന്റ് കുറച്ചുകൊണ്ട് ബാരലിന് 3.50 ഡോളർ എന്ന നിരക്കിലേക്കാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉത്പാദക കമ്പനിയായ സൗദി ആരാംകോ കുറച്ചത്. കഴിഞ്ഞ മാസം അറബ് ലൈറ്റിന്റെ വില്‍പ്പന 3.90 ഡോളറിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.