സ്ത്രീ പുരുഷ വേതനത്തിൽ തുല്യത നേടി യുകെ; ജെൻഡർ പേ ഗ്യാപ് സ്ത്രീകൾക്ക് അനുകൂലം ഇതാദ്യം

ലോകമെമ്പാടും സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്ന വിഷയമാണ് തുല്യ വേതനം. ഒരേ മേഖലയില്‍ ജോലി ചെയ്തിട്ടും സ്ത്രീയ്ക്ക് വേതനം കുറവാണെന്ന ആക്ഷേപത്തിന് വളരെ പഴക്കമുണ്ട്. എന്നാല്‍ യുകെയില്‍ ഈ പരാതികള്‍ ഇല്ലാതാകുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്.ആണ്‍കുട്ടികളേക്കാൾ കഠിനമായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ തലമുറ രൂപപ്പെട്ടതോടെ വരുമാനത്തിന്റെ കാര്യത്തില്‍ ചെറുപ്പക്കാരായ പുരുഷന്മാരേക്കാൾ സ്ത്രീകള്‍ നേടുന്ന ശമ്പളം വര്‍ദ്ധിച്ചിരിക്കുകയാണ്.ഒരു ദശകത്തിനിടെ ആദ്യമായാണ് ജെന്‍ഡര്‍ പേ ഗ്യാപ്പ് സ്ത്രീകള്‍ക്ക് അനുകൂലമായി മാറുന്നത്. പുരുഷ സഹജീവനക്കാരെ അപേക്ഷിച്ച് ശരാശരി 2200 പൗണ്ട് അധികമാണ് സ്ത്രീകള്‍ നേടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട് കണക്കാക്കുന്നത്. ‘പ്രൈമറി സ്‌കൂളിലെ ആദ്യ ദിനം മുതല്‍ ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന ദിവസം വരെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് പിന്നിലായി പോകുന്നുണ്ട്’, സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അതുപോലെ ആണ്‍കുട്ടികളെ അപേക്ഷിച്ച് പഠന വികാസം പെണ്‍കുട്ടികള്‍ നേരത്തെ കൈവരിക്കും. എ-ലെവല്‍ എത്തുന്നതോടെ ഒന്നര ഗ്രേഡ് വ്യത്യാസത്തില്‍ ഇവര്‍ മുന്നിലെത്തുകയും ചെയ്യും. യൂണിവേഴ്‌സിറ്റികളില്‍ മൂന്നില്‍ രണ്ട് പേരും പെണ്‍കുട്ടികളുമാണ്. വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടത്തിലും ആണ്‍കുട്ടികള്‍ പിന്നിലാകുന്നതായി ‘ലോസ്റ്റ് ബോയ്‌സ്’ റിപ്പോര്‍ട്ട് പറയുന്നു.