ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ സീരീസിലെ ഭീമനായ എം എസ് സി തുര്‍ക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടു.
വിഴിഞ്ഞത്ത് എത്തിയ 257-ാംമത് കപ്പലാണ് എം എസ് സി തുര്‍ക്കി. വിഴിഞ്ഞം തുറമുഖത്തെത്തിയ കപ്പലിനെ ടഗ്ഗുകള്‍ തീരത്തേക്ക് അടുപ്പിച്ചു. സിംഗപ്പൂരില്‍ നിന്നാണ് എം എസ് സി തുര്‍ക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാക്കും പോകുക. ഇതോടെ ദക്ഷിണേന്ത്യയിലെ ഒരു തുറമുഖത്തിനും അവകാശപ്പെടാനില്ലാത്ത അഭിമാനനേട്ടമാണ് വിഴിഞ്ഞം തുറമുഖം പേരില്‍ കുറിച്ചത്. എം എസ് സി തുര്‍ക്കി നങ്കൂരമിടുന്ന സൗത്ത് ഏഷ്യയിലെ തന്നെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം.
ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്ബനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്ബനിയുടെ (എം.എസ്.സി) അള്‍ട്രാലാര്‍ജ് ഇനത്തിലെ കപ്പലായ ഇതിന് 399.9മീറ്റര്‍ നീളവും 61.3മീറ്റര്‍ വീതിയുമുണ്ട്. 24,346 കണ്ടെയ്‌നറുകള്‍ വഹിക്കാം. ഏറ്റവും കുറച്ച് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതും ഏറ്റവും ഇന്ധനക്ഷമതയുമുള്ളതുമായ കണ്ടെയ്‌നര്‍ ഷിപ്പാണിത്. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്തേക്ക് ഈ ഭീമന്‍ കപ്പല്‍ ആദ്യമായിട്ടാണെത്തുന്നത്.
ആഗോള കണ്ടെയ്‌നര്‍ ശേഷിയുടെ തന്നെ 20 ശതമാനം നിയന്ത്രിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിങ് കമ്ബനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്ബനിയുടെതാണ് എം.എസ്.സി തുര്‍ക്കി. ഏറ്റവുമധികം കണ്ടെയ്നറുകള്‍ വഹിക്കാനാവുന്ന കമ്ബനിയുടെ അള്‍ട്രാ ലാര്‍ജ് വിഭാഗത്തിലെ ആറ് ഭീമന്‍കപ്പലുകളില്‍ ഏറ്റവും പ്രധാനി. ഇക്കൂട്ടത്തിലെ മെറ്റ, ഗെമ്മ, സെലസ്റ്റീനോ, നിക്കോളോ മാസ്ട്രോ വൈകാതെ തന്നെ വിഴിഞ്ഞത്ത് നങ്കൂരമിടും.
2023 ഓഗസ്റ്റിലാണ് തുര്‍ക്കിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ചൈനീസ് കമ്ബനി മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്ബനിക്ക് കപ്പല്‍ കൈമാറ്റം ചെയ്യുന്നത്. 399.93 മീറ്ററാണ് നീളം. അതായത് നാല് ഫുട്‌ബോള്‍ മൈതാനങ്ങള്‍ ചേര്‍ത്തതിന് തുല്യം. ഏകദേശം 241,000 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. പരിസ്ഥിതി സൗഹൃദം, വലിപ്പം, കാര്യക്ഷമത എന്നീ മൂന്ന് കാര്യങ്ങളാണ് എം.എസ്.സി തുര്‍ക്കിയെ വ്യത്യസ്തയാക്കുന്നത്.
കാര്‍ബണ്‍ എമിഷന്‍ കുറവും ഇന്ധനശേഷി കൂടുതലുമുണ്ട് ഈ ചരക്ക് കപ്പലിന്. ഡിസൈന്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞ ഇന്ധനം ഉപയോഗിക്കുന്ന കപ്പലുകളില്‍ ഒന്ന് കൂടിയാണ് തുര്‍ക്കി. 2050-ഓടെ പൂര്‍ണമായും ഗ്രീന്‍ഹൗസ് വാതക എമ്മിഷന്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് എം.എസ്.സിയുടെ ലക്ഷ്യം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്ബനി തുര്‍ക്കി റിപ്പബ്ലിക്കിന്റെ 100-ാം വാര്‍ഷികത്തിന്റെ ബഹുമാനാര്‍ത്ഥമാണ് തങ്ങളുടെ കൂറ്റന്‍ കപ്പലിന് ആ പേര് നല്‍കിയത്. പ്രതിവര്‍ഷം രണ്ടരലക്ഷത്തോളം കണ്ടെയ്‌നറുകളാണ് കപ്പല്‍ കൈകാര്യം ചെയ്യുന്നത്. ഒരേസമയം 24,346 കണ്ടെയ്‌നറുകള്‍ വരെ വഹിക്കാന്‍ ശേഷിയുണ്ട് എം.എസ്.സി തുര്‍ക്കിക്ക്.
ചരക്ക് നീക്കമാരംഭിച്ച് എട്ട്മാസങ്ങള്‍ക്കിപ്പുറം വിഴിഞ്ഞത്തിന് അഭിമാനിക്കാന്‍ നേട്ടങ്ങളേറെ. 2024 ജൂലൈയിലാണ് വിഴിഞ്ഞത്ത് ട്രയല്‍ ഓപ്പറേഷന്‍ തുടങ്ങിയത്. ഡിസംബറില്‍ വാണിജ്യ ഓപ്പറേഷനും തുടങ്ങിയ ശേഷം 246 കപ്പലുകളിലായി 5 ലക്ഷം കണ്ടെയ്നറുകളാണ് ഇതിനോടകം കൈകാര്യം ചെയ്തത്. രാജ്യത്തെ ആദ്യ ഓട്ടോമേറ്റഡ്-സെമി ഓട്ടോമേറ്റഡ് ക്രെയിന്‍ സംവിധാനമാണ് ചരക്ക് നീക്കം എളുപ്പത്തിലാക്കുന്നത്. ദക്ഷിണേന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ ചരക്ക് നീക്കം നടക്കുന്ന തുറമുഖമായി വിഴിഞ്ഞം മാറിക്കഴിഞ്ഞിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നടക്കുന്നതിന് മുന്‍പാണ് ഈ ചരിത്രനേട്ടമെന്നത് ശ്രദ്ധേയമാണ്.
ഏപ്രില്‍ രണ്ടിനാണ് സിങ്കപ്പൂരില്‍നിന്ന് കപ്പല്‍ പുറപ്പെട്ടത്. മൂവായിരത്തോളം കണ്ടെയ്‌നറുകള്‍ ഇറക്കി അര്‍ധരാത്രിയോടെ കപ്പല്‍ പുറപ്പെടും. വിഴിഞ്ഞം വഴി യൂറോപ്പിലേക്കുള്ള പ്രതിവാര സര്‍വീസിന്റെ ഭാഗമായാണ് എം.എസ്.സി തുര്‍ക്കി എത്തുന്നത്.
എം എസ് സിയുടെ കൂറ്റന്‍കപ്പലായ ക്ലൗഡ് ജിറാര്‍ഡെറ്റ് (24116 കണ്ടെയ്‌നര്‍ ശേഷി) കഴിഞ്ഞ സെപ്തംബറില്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു. 155 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എം.എസ്.സി കമ്ബനിക്ക് 860കപ്പലുകളുണ്ട്. ജനീവയാണ് ആസ്ഥാനം. 22.5 ദശലക്ഷത്തിലധികം ടി.ഇ.യു കാര്‍ഗോ കൈകാര്യം ചെയ്യുന്നതാണ് എം.എസ്.സി.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ 817 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി പോര്‍ട്ട്സും, ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖ വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലും സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവയ്ക്കും.