പ്രതികാര തീരുവ പ്രഖ്യാപനത്തില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മനംമാറ്റം. ആഗോള വിപണിയിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികാര തീരുവ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു.
പക്ഷേ ചൈനക്കു മാത്രം ഇക്കാര്യത്തില്‍ ഇളവ് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
3 മാസത്തേക്കാണ് പ്രതികാര തീരുവയില്‍ ട്രംപ് ഇളവ് പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ 10 ശതമാനം മാത്രമാകും ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുള്ള തീരുവ എന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം നിലവില്‍ വന്നതോടെ ചൈനയും യൂറോപ്യൻ യൂണിയനും പകര തീരുവ അമേരിക്കയ്ക്കെതിരെ ചുമത്തിയിരുന്നു. യുഎസ് ഉല്‍പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍നിന്നു 84 ശതമാനമായാണ് ചൈന ഇന്ന് ഉയർത്തിയത്. ഏപ്രില്‍ 10 മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്.