സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് പൊതുവെയുള്ള ഐതിഹ്യം. എന്നാല്‍ മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്. രാവണന്‍ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷം സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷമാണ് വിഷുവെന്നും പറയപ്പെടുന്നു. ഐതിഹ്യങ്ങള്‍ പലതാണെങ്കിലും മലയാളികള്‍ക്ക് മേടം ഒന്ന് ലോകത്ത് എവിടെ ആയാലും പുതുവര്‍ഷപ്പിറവിയാണ്. വര്‍ഷം മുഴുവന്‍ നിലനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണു തുറക്കുന്നത്. വിഷുവിന് പ്രധാനം കണിയും കൈനീട്ടവും സദ്യയും തന്നെയാണ്. വീടുകളിലെ മുതിര്‍ന്നവര്‍ കണികണ്ട ശേഷം കൈനീട്ടം നല്‍കും. വിഷുവിന് ചെയ്യുന്ന കാര്യങ്ങള്‍ അടുത്ത ഒരു വര്‍ഷം നല്ല ഫലം തരുന്നതായും കണി കണ്ടാല്‍ ഐശ്വര്യം കിട്ടും എന്നുമാണ് സങ്കല്‍പം.
കണ്ണന്റെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നില്‍ ഒരുക്കിയ കണിയാണ് മിക്കവരും കണ്ടത്. വിഗ്രഹത്തില്‍ പൂക്കള്‍ കൊണ്ട് മാല കോര്‍ത്തിട്ടത് കണി കാണുന്നത് തന്നെ ഉത്തമമാണ്. ഓട്ടുരുളിയില്‍ ഉണക്കലരി പകുതിയോളം നിറച്ചും സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരി വെച്ചും ഒപ്പം ചക്ക, പൊതിച്ച നാളികേരം, മാങ്ങ, കദളിപ്പഴം, നാരങ്ങ, നെല്ലിക്ക എന്നിവ വെച്ചുമാണ് മിക്ക മലയാളികളും കണി കണ്ടത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നിരവധി മലയാളി കടകളില്‍ കണിക്കൊന്ന ഉള്‍പ്പെടെയുള്ള വിഷുക്കണി സാധനങ്ങള്‍ വില്‍പ്പനയ്ക്കായി കേരളത്തില്‍ നിന്നും എത്തിയിരുന്നു. കണിവെക്കുന്നതിനുള്ള ഓട്ടുരുളി, നിലവിളക്ക്, വാല്‍ക്കിണ്ടി എന്നിവയും മിക്കയിടങ്ങളിലും ലഭ്യമാണ്. വിഷു ദിനത്തില്‍ സദ്യ ഒരുക്കുന്നതിനായി യുകെയിലേക്ക് നാട്ടില്‍ നിന്ന് വിവിധയിനം പച്ചക്കറികളും നാടന്‍ വാഴയിലകളും എത്തിയിരുന്നു.
മേടം ഒന്നിന് വിഷു എത്തുമ്പോള്‍ കണി കാണുന്നതിന് ഒപ്പം വിഷു ആഘോഷങ്ങള്‍ക്കും യുകെയിലെ മലയാളി സമൂഹം ഒരുങ്ങി തുടങ്ങിയിരിക്കും. യുകെയില്‍ വിഷു ദിവസം മുതല്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിഷു, ഈസ്റ്റര്‍, റമസാന്‍ ആഘോഷങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ചിട്ടുണ്ട്. ഹാളുകളില്‍ ഇന്ന് മുതല്‍ വൈകുന്നേരങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷങ്ങളില്‍ വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ഉണ്ടാകും.