യുകെ കെയര്‍ വിസ അപേക്ഷകളില്‍ 78 ശതമാനം ഇടിവ്

യുകെയിലേയ്ക്കുള്ള പ്രധാന (കീ) വീസ റൂട്ടുകളിലെ അപേക്ഷകളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത് 37 ശതമാനം കുറവ്. 2023ല്‍ 1.24 മില്യന്‍ അപേക്ഷകളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ വീസ നിയമങ്ങള്‍ പ്രാബല്യത്തിലായതോടെ 2024ല്‍ അപേക്ഷകളുടെ എണ്ണം 772,200 ആയി കുറഞ്ഞു. അപേക്ഷകളില്‍ ആദ്യമായാണ് കുറവ് ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുഭവപ്പെടുന്നത്. വിദ്യാര്‍ഥി വീസയിലും കെയറര്‍ വീസയിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് അപേക്ഷകരുട എണ്ണം ഇത്ര കുറയാന്‍ കാരണം കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വീസ അപേക്ഷകളില്‍ ഏര്‍പ്പെടുത്തി പുതിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലായതോടെയാണ് അപേക്ഷകര്‍ ബ്രിട്ടനെ ഉപേക്ഷിച്ച് കൂടുതലായും മറ്റ് വിദേശരാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയത്.

പോസ്റ്റ് സ്റ്റഡി വീസയും, ഫാമിലി വീസയും, പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്‌സുകള്‍ക്ക് മാത്രമായി ചുരുക്കിയതോടെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പെട്ടന്ന് കുറഞ്ഞു. ഇതിനു പുറമേ, സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ വീസയ്ക്കുള്ള കുറഞ്ഞ ശമ്പളപരിധി 38,700 പൗണ്ടായി ഉയര്‍ത്തിയത് കെയറര്‍ വീസകള്‍ക്കും മറ്റ് കീ വിസ റൂട്ടുകള്‍ക്കും വിനയായി.

ഏറ്റവും കൂടുതല്‍ കുറവുണ്ടായത് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയിലാണ്. 2023-24ല്‍ 359,300 അപേക്ഷകളാണ് ഈ കാറ്റഗറിയില്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാലിത് 2024-25ല്‍ 80,700 ആയി കുറഞ്ഞു. 78 ശതമാനത്തിന്റെ കുറവ്. വിദ്യാര്‍ഥി വീസയിലെത്തിയവരുടെ ഫാമിലി വീസ അപേക്ഷകളും 83 ശതമാനം കുറഞ്ഞു.