ലണ്ടനിലെ ഈസ്റ്റ്ഹാമിൽ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്കാരമൊരുക്കി വ്യത്യസ്തമായ ദുഃഖവെള്ളിയാഴ്ച ആചരണം. ഈസ്റ്റ്ഹാം സെന്റ് മൈക്കിൾസ് പള്ളി ആസ്ഥാനമായുള്ള സിറോ മലബാർ സെന്റ് ജോർജ് മിഷനാണ് ദുഃഖവെള്ളിയാഴ്ച ആചരണം ദൃശ്യാവിഷ്കാരം കൊണ്ട് കൂടുതൽ ഭക്തിസാന്ദ്രവും അനുഭവവേദ്യവുമാക്കിയത്.
പീഢാനുഭവ ചരിത്ര വായനയ്ക്കും പള്ളിയിലെ മറ്റു തിരുക്കർമ്മങ്ങൾക്കും ശേഷം പള്ളിയങ്കണത്തിലും സമീപത്തെ സ്കൂൾ ഗ്രൗണ്ടിലുമായാണ് പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താ വരെയുള്ള ക്രിസ്തുവിന്റെ പീഢാനുഭവയാത്രയുടെ രംഗങ്ങൾ ദൃശ്യവൽകരിച്ചത്. ആയിരത്തിലധികം വിശ്വാസികൾ പ്രാർഥനാനിർഭരമായി ചടങ്ങുകളിൽ സംബന്ധിച്ചു.
പീലാത്തോസിന്റെ അരമനയിലെ കുറ്റവിചാരണയും, ഗാഗുൽത്തായിലേക്കുള്ള യാത്രയിൽ മാതാവും യേശുവും കണ്ടുമുട്ടുന്നതും, ശിമയോൻ യേശുവിന്റെ കുരിശു ചുമക്കുന്നതും, ഭക്തയായ വേറോനിക്ക യേശുവിന്റെ തിരുമുഖം തുടയ്ക്കുന്നതും, യേശുവിന്റെ മരണനിമിഷങ്ങളും, യേശുവിന്റെ തിരുശരീരം മരണശേഷം മാതാവിന്റെ മടിയിൽ കിടത്തുന്നതുമെല്ലാം അതേപടി ആവിഷ്കരിച്ചായിരുന്നു കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളും പൂർത്തിയാക്കിയത്. പോളച്ചൻ തളിയൻ, ബിജു കെ ജോസ്, ലണ്ടൻ കലാഭവൻ ഡയറക്ടർ ജയ്സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുരിശിന്റെ വഴിയുടെ ഈ ദൃശ്യാവിഷ്കാരം.