പഹൽഗാം ഭീകാരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമയാന മേഖലക്കും കനത്ത തിരിച്ചടി. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിടുന്നത് ഇന്ത്യൻ വിമാനക്കമ്പനികളെയും യാത്രക്കാരെയും ദുരിതത്തിലാക്കി. വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളിൽ എട്ട് മുതൽ 12 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപടി അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിച്ചതായി എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചിട്ടുണ്ട്.
പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കാനായി ഇന്ത്യൻ വിമാനങ്ങൾ യുഎഇക്ക് മുകളിലൂടെയാവും വഴിമാറി സഞ്ചരിക്കുക. ഇക്കാരണത്താൽ ഓരോ യാത്രയ്‌ക്കും കുറഞ്ഞത് ഒരു മണിക്കൂർ അധികം സമയം വേണ്ടിവരും. യുഎസ്, യുകെ, കാനഡ, നെതർലാൻഡ്‌സ്, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക്, ദുബായ്, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും പുറപ്പെടുന്ന ഇന്ത്യൻ വിമാനങ്ങളെയെല്ലാം ഇത് ബാധിക്കും.
ഇന്ത്യയുടെ ഒരു വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി കടക്കാൻ പാടില്ലാത്തതിനാൽ, എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, അകാസ എയർ എന്നീ വിമാനങ്ങളുടെയെല്ലാം യാത്രാസമയം ഒരു മണിക്കൂറിലേറെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ, ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ അന്താരാഷ്‌ട്ര വിമാനക്കമ്പനികളുടെ വിമാനങ്ങളെ ഇത് ബാധിക്കുന്നതല്ല.
യാത്രാസമയം നീളുന്നതിന് പുറമെ അധിക സമയം പറക്കുന്നതിനുള്ള ഇന്ധനച്ചെലവ് ടിക്കറ്റ് നിരക്ക് കൂടുന്നതിലേക്ക് നയിക്കുമോയെന്നതാണ് പ്രധാന ആശങ്ക
യുകെ, യൂറോപ്പ് അല്ലെങ്കിൽ പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കേണ്ടി വരുന്ന രാജ്യങ്ങളിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് വിമാന ടിക്കറ്റ് നിരക്ക് ഉയരും എന്നതാണ് സൂചനകൾ. വിമാനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുമ്പോൾ ടിക്കറ്റ് വില സ്വാഭാവികമായും വർദ്ധിക്കും.
യുഎസ്, യൂറോപ്യൻ റൂട്ടുകളുടെ യാത്രാദൈർഘ്യം ഏകദേശം 2 മുതൽ 2.5 മണിക്കൂർ വരെ വർദ്ധിച്ചേക്കാം.