ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയം ഇംഗ്ലണ്ടില്‍



പുതിയ സ്റ്റേഡിയം പണിയാനൊരുങ്ങി ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം നിര്‍മിക്കാനാണ് യുണൈറ്റഡ് മാനേജ്മെന്റ് പദ്ധതിയിട്ടിരിക്കുന്നത്.പുതിയ സ്റ്റേഡിയം പണിയുന്ന കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്റ്റേഡിയത്തിന്റെ രൂപരേഖകളും പുറത്തുവിട്ടിട്ടുണ്ട്. കുടയുടെ മാതൃകയിലായിരിക്കും (അംബര്‍ല ഡിസൈന്‍) സ്റ്റേഡിയം. 200 കോടി പൗണ്ട് ചിലവഴിച്ച് നിര്‍മിക്കുന്ന സ്റ്റേഡിയം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. യുണൈറ്റഡിന്റെ നിലവിലെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രോഫോര്‍ഡിന് സമീപമാണ് പുതിയ സ്റ്റേഡിയവും നിർമ്മിക്കുന്നത്.

പുതിയ സ്റ്റേഡിയം നിര്‍മിക്കണോ ഓള്‍ഡ് ട്രാഫോഡ് പുതുക്കി പണിയണോ എന്നതില്‍ പഠനം നടത്തിയതിന് ശേഷമായിരുന്നു ക്ലബ്ബിന്റെ തീരുമാനം.സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയമായി ഇത് മാറും. പുതിയ സ്റ്റേഡിയത്തിനും ‘ഓള്‍ഡ് ട്രാഫോര്‍ഡ്’ എന്ന് തന്നെ പേര് നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 1910 മുതല്‍ ഓള്‍ഡ് ട്രാഫോര്‍ഡാണ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട്. പുതിയ സ്റ്റേഡിയത്തില്‍ നിന്ന് വര്‍ഷം 7.3 ബില്ല്യണ്‍ പൗണ്ട് യുകെ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ ആകുമെന്നാണ് ക്ലബ്ബ് മാനേജ്മെന്റ് പറയുന്നത്.