യുകെ ക്രിക്കറ്റ് ലീഗില്‍ ചരിത്രം സൃഷ്ടിക്കാൻ സമീക്ഷ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്

ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തില്‍ ചരിത്രത്തിന് തുടക്കം കുറിച്ച് ക്രിക്കറ്റ് ലീഗ് മത്സര രംഗത്തേയ്ക്ക് സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ്. ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസി ക്ലബ്ബുകളും ക്രിക്കറ്റ് താരങ്ങളുടെ ലേലം വിളിയും ഇതിനോടകം അരങ്ങേറി.ഏലൂർ എലൈ ക്രിക്കറ്റേഴ്സ്, ആൾട്രിൻചാം ടസ്ക്കേഴ്സ്, കേരള ഗ്ലാഡിയേറ്റഴ്സ്, ഫീനിക്സ് സ്ട്രൈക്കേഴ്സ്, ആദിസ് സൂപ്പർ കിങ്‌സ്, മലബാർ മാർവെൽസ്, സ്പീഡി സ്പിന്നേഴ്സ്, ഫെയർമാർട് റോയൽസ് തുടങ്ങിയ 8 ഫ്രാഞ്ചൈസി ടീമുകളാണ് പ്ലയേഴ്സിനെ സ്വന്തമാക്കിയത്.

സമീക്ഷ നാഷണല്‍ സെക്രട്ടറി ജിജു സൈമന്റെ മേല്‍നോട്ടത്തില്‍ നടന്ന ക്രിക്കറ്റ് പ്ലയേഴ്‌സിന്റെ ലേലം സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ജെറോണ്‍ ജിജുവും സീമ സൈമനും ലേലത്തിന് തുടക്കം കുറിച്ചു. സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍ കോഡിനേറ്റ്ഴ്‌സ് ആയി വരുന്ന ലീഗ് മത്സരങ്ങള്‍ മെയ് 4 ന് ഡിസ്ബറി പാര്‍സ്വുഡ് വുഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 3 പിച്ചുകളിലുമായി അരങ്ങേറും. വിവിധ ഫ്രാഞ്ചൈസി ടീമുകളുടെ ഉടമസ്ഥരും കോച്ചുമാരും മാനേജരും മാരും പങ്കെടുത്ത ലേലം വിളിയുടെ വിജയത്തിനു ശേഷം പരിശീലന പരിപാടികള്‍ ആരംഭിച്ചു.
മലയാളി സമൂഹത്തിന് പുതുമയാര്‍ന്ന ലീഗ് മത്സരത്തിന് യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവേശമാര്‍ന്ന പിന്തുണയാണ് കിട്ടുന്നത്. ടൂര്‍ണമെന്റ് വിജയികള്‍ക്ക് ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് കേരള കറി ഹൗസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 പൗണ്ടും ട്രോഫിയും കൂടാതെ ടൂര്‍ണമെന്റിലെ മികച്ച താരം, മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍ എന്നിവര്‍ക്ക് ഏലൂര്‍ എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.