
റോഡ് അടച്ചിടുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ഹീത്രു- ഗാറ്റ് വിക്ക് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വലിയ തോതില്‍ താമസം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് . മാര്‍ച്ച് 21ന് വെള്ളിയാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ ആറു മണിവരെ എം 25 ലൂടെ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍, പതിവിലും നേരത്തെ യാത്ര തിരിച്ചാല്‍ മാത്രമെ കൃത്യ സമയത്ത് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. വെസ്ലി ജംഗ്ഷന്‍ 10 നും ചെര്‍ട്‌സി ജംഗ്ഷന്‍ 11 ഉം ഇടയിലായി രണ്ടു ഭാഗത്തേക്കുള്ള റോഡുകളും അടച്ചിടും. ഒരു പാലം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണിത്.
എം 25 അടച്ചിടുന്നതോടെ ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചു വിടും. എന്നാല്‍, ഹീത്രു- ഗാറ്റ് വിക്ക് വിമാനത്താവളങ്ങളിലേക്കുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ സാധാരണ പുറപ്പെടുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ യാത്ര പുറപ്പെടേണ്ടി വരും. അതല്ലെങ്കില്‍, ട്രെയിന്‍ പോലുള്ള മറ്റ് ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കേണ്ടതായി വരും. വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളതല്ല, ഈ ഗതാഗത തടസം എന്നതിനാല്‍, യാത്ര വൈകിയതിനാല്‍ വിമാനയാത്ര ചെയ്യാന്‍ കഴിയാതെ വന്നാല്‍, നഷ്ടപരിഹാരം ലഭിക്കാന്‍ ഇടയില്ല.