
വെസ്റ്റ് ലണ്ടനിലെ വൈദ്യുതി സബ് സ്റ്റേഷനിലുണ്ടായ വന്‍ പൊട്ടിത്തെറി കാരണം ഹീത്രൂ എയര്‍പോര്‍ട്ട് ഇന്ന് അര്‍ദ്ധരാത്രി വരെ അടച്ചിടും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഇന്ന് ഹീത്രൂ വഴി യാത്രകള്‍ ചെയ്യുന്നവര്‍ യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്ത വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പില്‍ പറയുന്നു. എയര്‍ ഇന്ത്യ അടക്കം ആയിരക്കണക്കിനു വിമാനങ്ങളാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ സര്‍വ്വീസ് ആരംഭിച്ച് ഹീത്രൂവിലേക്ക് പുറപ്പെട്ട 120 വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുകയോ യാത്ര ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചു പോവുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനിലെ തീപിടുത്തം കാരണമാണ് ഹീത്രുവില്‍ വൈദ്യുതി തടസം നേരിട്ടത്. തുടര്‍ന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാര്‍ച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന അറിയിപ്പാണ് എത്തിയത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം തിരിച്ചറിഞ്ഞിട്ടില്ല.
”ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അര്‍ധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്” വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു.
വൈദ്യുതി ബന്ധംഎപ്പോള്‍ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയര്‍ എന്‍ജിനുകളും 70 അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.