യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇടിഎ(ETA) ഇലക്ട്രോണിക് പെർമിറ്റ്
ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇയുവിലും, ഇഎഫ്ടിഎയിലും ഉൾപ്പെടുന്ന മുപ്പത് യൂറോപ്യൻ രാജ്യങ്ങളിൽ, അയർലൻഡ്
പൗരർക്ക് മാത്രമാണ് ഇടിഎ പെർമിറ്റിൽ ഇളവുള്ളത്. ഇൻഫന്റ്, മൈനർ വിഭാഗങ്ങൾക്കും ഇത് നിർബന്ധമാണ്. പെർമിറ്റുള്ളവർക്കു ഒറ്റ സന്ദർശനത്തിൽ ആറ് മാസം വരെ ബ്രിട്ടനില്‍ തുടരാം. രണ്ട് വർഷം കാലാവധിയുള്ള ഇടിഎ പെർമിറ്റിന് നിലവില്‍ 10 പൗണ്ടാണ് ഫീസെങ്കിലും, ഏപ്രില്‍ 9 മുതല്‍ ഇത് 16 പൗണ്ടായി ഉയരും. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴിയോ, യുകെ ബോർഡർ വെബ്‌സൈറ്റ് വഴിയോ ഇടിഎ പെർമിറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി പാസ്‌പോര്‍ട്ടിന്റെ ഫോട്ടോയും, മുഖത്തിന്റെ സ്‌ക്രീനിങ്ങും ഓൺലൈനിൽ സമർപ്പിക്കണം. 10 മിനിറ്റ് മുതൽ മൂന്ന് പ്രവൃത്തി ദിവസം വരെയാണ് അപേക്ഷയിൽ തീരുമാനം എടുക്കാൻ വേണ്ടത്. ഇടിഎ ലഭിച്ചാല്‍ അത് വ്യക്തിയുടെ പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യും. യാത്രാ നിയമങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നടപടി ക്രമം. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്(ഇടിഎ) കഴിയും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ബ്രിട്ടിഷ് സന്ദർശന വീസ ആവശ്യമില്ലാത്ത യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്, ഇടിഎ ജനുവരി മുതല്‍ പ്രാബല്യത്തിലുണ്ട്. ബ്രിട്ടിഷ് എയർപോർട്ടുകൾ വഴിയുള്ള ട്രാൻസിറ്റ് യാത്രികർക്ക് ഇടിഎ പെർമിറ്റിന്റെ ആവശ്യമില്ല.