ഉയർപ്പിന്റെ ഓർമ്മ പുതുക്കി പ്രത്യാശയുടെ ഈസ്റ്റർ


ഗാഗുൽത്താമലയിൽ കുരിശിലേറ്റപ്പെട്ട  ക്രിസ്തു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്‍റെ അനുസ്മരണമായാണ് ലോകമെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ദിനത്തിൽ ആഘോഷിക്കുന്നത്. പ്രത്യാശയുടെ സന്ദേശവുമായാണ് ഓരോ ഈസ്റ്റർ കാലവും എത്തുന്നത്. എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയാലും അതിനെല്ലാം ശുഭകരമായ ഒരു ഉയിർപ്പ് ഉണ്ടെന്ന വിശ്വാസം കൂടിയാണ് ഈസ്റ്റർ.

ക്രിസ്തു മരിച്ച് ഉയിര്‍ത്തെഴുന്നേറ്റു എന്ന കരുതുന്ന എഡി 30ന് ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളോളം പാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റര്‍ അറിയപ്പെട്ടിരുന്നത്. ലാറ്റിന്‍ പേരായ പാസ്‌ക്ക യഹൂദരുടെ പെസഹാ ആചരണത്തിന്റെ പേരില്‍ നിന്നാണ് ഉത്ഭവിച്ചത്. പെസഹായില്‍ തുടങ്ങി ഉയിര്‍പ്പ് ദിനം വരെയുളള ദിവസങ്ങളാണ് പാസ്‌ക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെസഹായും ദുഃഖ വെളളിയും ദുഃഖ ശനിയും ഈസ്റ്ററുമെല്ലാമായി കൊണ്ടാടാന്‍ തുടങ്ങിയത്.

അതുപോലെ പ്രതീക്ഷയുടെയും പുതുജീവിതത്തിന്റെയും പ്രതീകമാണ് ഈസ്റ്റര്‍ മുട്ടകള്‍. പുരാതന മെസപ്പെട്ടോമിയയില്‍ നിന്നാണ് ഈസ്റ്റര്‍ മുട്ടയുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. തുടർന്ന് ഈസ്റ്റര്‍ മുട്ടകളുടെ പാരമ്പര്യം പാശ്ചാത്യ രാജ്യങ്ങളിലേക്കും വ്യാപിച്ചു. പല നിറത്തില്‍ ചായങ്ങള്‍ പൂശിയ കോഴി മുട്ടകള്‍ ഈസ്റ്ററിനു കൈമാറിയാണ് സന്തോഷം പങ്കുവച്ചിരുന്നത്. പല ഡിസൈനിലും ആകർഷകമായ രീതിയില്‍ ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ട്. അന്‍പതു ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ഓശാന ഞായറിനാരംഭിച്ച വിശുദ്ധ വാരത്തിന് ഈസ്റ്ററോടെ സമാപനമാകും.