ബ്രിട്ടനിലെ വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയുടെ സ്ഥാനാർഥി മലയാളിയായ ബേബിച്ചൻ തോമസ്.
മെയ് ഒന്നിന് നടക്കുന്ന കെന്റ് കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പിലാണ് റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി ബേബിച്ചന്‍ തോമസ് മത്സരിക്കുന്നത്. ഇതിനു മുൻപ് മാർച്ച് 6ന് നടന്ന കാന്റർബറി കൗൺസിൽ ഉപ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
കെന്റിലെ വിസ്റ്റബിളില്‍ താമസിക്കുന്ന ബേബിച്ചന്‍ പാലാ മണിയഞ്ചിറ കുടുംബാംഗമാണ്. കെന്റില്‍ ഡിസ്ട്രിക്ട് നഴ്‌സായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് റിഫോം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. യുകെ മലയാളി സമൂഹത്തിന് ഏറെ സമ്മതനായ ബേബിച്ചന്‍ കാന്റര്‍ബറി മലയാളി അസോസിയേഷന്റെയും യുക്മയുടെയും സജീവ പ്രവര്‍ത്തകനാണ്.
കാല്‍ നൂറ്റാണ്ടായി കെന്റില്‍ താമസിക്കുന്ന ബേബിച്ചന് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഏറെയാണ്. പുതിയ പാര്‍ട്ടിയുടെ കുതിപ്പും കൂട്ടാകുമ്പോള്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ബ്രിട്ടിഷ് സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് സ്ഥാനാര്‍ഥി ആകുന്നതെന്നാണ് ബേബിച്ചന്റെ വിശദീകരണം. കുടിയേറ്റ വിരുദ്ധത മുഖമുദ്രയായിരുന്ന യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ (യുക്കിപ്) പുതിയ പതിപ്പാണ് നൈജല്‍ ഫെറാജ് നേതൃത്വം നല്‍കുന്ന റിഫോം യുകെ പാര്‍ട്ടി. മൂന്നുവര്‍ഷക്കാലം റിഫോം യുകെ ബ്രിട്ടിഷ് രാഷ്ട്രീയത്തിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ 15 ശതമാനത്തോളം വോട്ടാണ് റിഫോം യുകെ സ്ഥാനാര്‍ഥികള്‍ നേടിയത്.
ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികളായി നിരവധി പേര്‍ മത്സരിക്കുകയും വിജയിക്കുകയും മേയര്‍മാര്‍ ആകുകയും ചെയ്തിട്ടുണ്ട്. ഓമന ഗംഗാധരന്‍, മഞ്ജു ഷാഹുല്‍ ഹമീദ്, ടോം ആദിത്യ, ഫിലിപ്പ് ഏബ്രഹാം തുടങ്ങി നിരവധി മലയാളി മേയര്‍മാര്‍ ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സിലുകളില്‍ ഉണ്ടായിട്ടുണ്ട്. കൗണ്‍സിലര്‍മാരായി നിരവധി മലയാളികളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് റിഫോം യുകെയുടെ സ്ഥാനാര്‍ഥിയായി ഒരു മലയാളി മത്സര രംഗത്ത് വരുന്നത്.