ഇംഗ്ലണ്ടിലെ സ്കൂളുകളിൽ അടുത്തയാഴ്ച മുതൽ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ്.

ലേബർ സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ സ്കൂളുകളിലെ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബുകൾ അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഇംഗ്ലണ്ടിലെ 750 പ്രൈമറി സ്കൂളുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ക്ലബിനൊപ്പം അരമണിക്കൂർ സൗജന്യ ചൈൽഡ് കെയറുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കം വിജയകരമായാൽ അടുത്ത അധ്യയന വർഷം മുതൽ രാജ്യത്തെ മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ചൊവ്വാഴ്ച മുതൽ ജൂലൈയിൽ സ്കൂൾ അടയ്ക്കുന്നതു വരെയാണ് പദ്ധതിയുടെ ട്രയൽ റൺ. പദ്ധതി പൂർണമായും നടപ്പാക്കാൻ 30 മില്യൺ പൗണ്ടാണ് ഒരു വർഷം വേണ്ടിവരിക.അധ്യാപകരും രക്ഷിതാക്കളും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ള ഫണ്ടിങ്ങിനെ സംബന്ധിച്ച് പലരും ആശങ്ക ഉയർത്തുന്നുണ്ട്. 30 മില്യൺ പൗണ്ട് എന്നത് ഇത്രയും ബ്രഹത്തായ പദ്ധതിക്ക് ആവശ്യമായ തുകയാകില്ലെന്നാണ് ടീച്ചേഴ്സ് യൂണിയനും ഹെഡ്ടീച്ചേഴ്സ് യൂണിയനും ചൂണ്ടിക്കാട്ടുന്നത്.

ദിവസം അരമണിക്കൂർ വീതം കണക്കാക്കുമ്പോൾ ഒരു അധ്യയന വർഷം 95 മണിക്കൂർ ചൈൽഡ് കെയറും മാതാപിതാക്കൾക്ക് പരോക്ഷമായി പദ്ധതിയിലൂടെ ലഭിക്കും. ഇങ്ങനെ ഓരോ രക്ഷിതാവിനും 450 പൗണ്ട് ലാഭിക്കാനാകുമെന്നാണ് എജ്യൂക്കേൻ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സൺ ചൂണ്ടിക്കാട്ടുന്നത്. ആദ്യഘട്ടത്തിലെ 750 സ്കൂളുകൾക്കും പദ്ധതി നടത്തിപ്പിന് ആവശ്യമായ ഗൈഡൻസും സെറ്റപ്പ് പേയ്മെന്റും നൽകിക്കഴിഞ്ഞു. 50 ശതമാനം കുട്ടികളുടെ പങ്കാളിത്തം പദ്ധതിക്ക് ഉറപ്പുവരുത്തുന്ന സ്കൂളിന് പ്രതിവർഷം 23,000 പൗണ്ട് അലവൻസലായി ലഭിക്കും.