വ്യാപാര യുദ്ധവും യുക്രെയ്ന്‍ സംഘര്‍ഷവും കലുഷിതമായിരിക്കുന്ന സമയത്ത് ബ്രിട്ടണ്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ഹൈപ്പര്‍സോണിക് മിസൈല്‍ പ്രൊപ്പല്‍ഷന്‍ വിജയകരമായി പരീക്ഷിക്കുന്നതിനായി ബ്രിട്ടണിലെ ശാസ്ത്രജ്ഞര്‍ സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പ്രൊജക്ടൈലുകളാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍. ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് അവയെ തടയുന്നത് വളരെ ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആക്കുന്ന വേഗതയാണിത്. യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയിലും റഷ്യ ഇത്തരത്തിലുള്ള മിസൈലുകള്‍ അവതരിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പ്രോട്ടോടൈപ്പ് ക്രൂയിസ് മിസൈല്‍ എഞ്ചിന്റെ വിജയകരമായ പരീക്ഷണങ്ങള്‍ 2030 ആകുമ്പോഴേക്കും ബ്രിട്ടണിനെ ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ കൊണ്ട് സജ്ജരാക്കാന്‍ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ബ്രിട്ടണിലെ ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ലബോറട്ടറി (ഡിഎസ്ടിഎല്‍) നയിക്കുന്ന സംയുക്ത സംഘം അമേരിക്കന്‍ എയര്‍ഫോഴ്സ് റിസര്‍ച്ച് ലബോറട്ടറിയുമായും വ്യവസായത്തിലെ കമ്പനികളുമായും സഹകരിചാണ് പുതിയ ഹൈപ്പര്‍ സോണിക് മിസൈല്‍ എഞ്ചിന്റെ 233 പരീക്ഷണങ്ങള്‍ നടത്തിയത്. കൂടുതല്‍ അപകടകരമായ ഒരു ലോകത്തിലാണ് ജീവിക്കുന്നതെന്നും, നൂതനാശയങ്ങള്‍ കണ്ടെത്തുകയും എതിരാളികളെക്കാള്‍ മുന്നിലായിരിക്കുകയും ചെയ്യേണ്ടത് ഇപ്പോള്‍ പ്രധാന ആശയമായി മാറിയെന്നും ബ്രിട്ടണിന്റെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പ്രസ്താവനയില്‍ പറഞ്ഞു. ചൈന, ഇന്ത്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ സ്വന്തം ഹൈപ്പര്‍സോണിക് ആയുധ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേലുമായുള്ള ആക്രമണത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഇറാന്‍ ഹൈപ്പര്‍സോണിക് ഫത്താ-1 മിസൈല്‍ ഉപയോഗിച്ചിട്ടുണ്ട്.