ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം.88 വയസ്സായിരുന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ഹോർഗെ മാരിയോ ബെർഗോഗ്ലിയോ 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. കർദിനാൾ ബെർഗോഗ്ലിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുകയായിരുന്നു.
അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ മാരിയോ ജോസ് ബെർഗോഗ്ലിയോയുടെയും റെജിന മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ജനനം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമായിരുന്നു. ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാർപാപ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് വത്തിക്കാനിലെ വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് വിശ്രമത്തിലായിരുന്നു. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.