ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്താന്‍ ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചതോടെ ബെല്‍ഫാസ്റ്റിനു പുറമെ മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് ആരംഭിച്ചു. ബെല്‍ഫാസ്റ്റില്‍ കോണ്‍സുലേറ്റ് ആരംഭിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂട്ടാനുള്ള ശ്രമത്തിലാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്. 2024 സെപ്റ്റംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 55 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതി മാത്രമാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായത്. അതേ കാലയളവില്‍ വെയ്ല്‍സില്‍ നിന്നും 203 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും 576 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും ഇംഗ്ലണ്ടില്‍ നിന്നും 4.9 ബില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും ഇന്ത്യയിലേക്കുണ്ടായി.പാനീയങ്ങളാണ് പ്രധാനമായും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. രാസവസ്തുക്കളും യന്ത്ര സാമഗ്രികളും കയറ്റുമതി ചെയ്യുന്നുണ്ട്. അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തി എന്ന നിലയില്‍, ഇന്ത്യയുമായി ബ്രിട്ടിനിലെ എല്ലാ അംഗരാജ്യങ്ങള്‍ക്കും ശക്തമായ ബന്ധമുണ്ടാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്. ലോകത്തില്‍, ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2035 ഓടെ ഇന്ത്യയുടെ ഇറക്കുമതി 1.4 ട്രില്യണ്‍ പൗണ്ട് ആകുമെന്നാണ് കണക്കാക്കുന്നത്.
ബ്രിട്ടൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണൻ
മെയ് 1ന് ബ്രിട്ടനില്‍ നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പിൽ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണന്‍. ഡര്‍ബിഷെയർ കൗണ്ടി കൗണ്‍സിലിലെ സ്പിയര്‍ വാര്‍ഡില്‍ നിന്നാണ് സ്വരൂപ് മത്സരിക്കുന്നത്. യുകെയിലെ എന്‍എച്ച് എസിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സ്വരൂപ് കൃഷ്ണന്‍ കുടിയേറ്റക്കാര്‍ക്ക് ഇടയില്‍ വളരെ ജനകീയത ഉള്ള വ്യക്തിത്വമാണ്. അതിനാൽ കുടിയേറ്റക്കാരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്.
‘ഒരു നഴ്‌സായ എന്നെ സമൂഹിക സേവനം എല്ലാ കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്, ആരോഗ്യ രംഗത്തും സമൂഹിക കാര്യങ്ങളിലും ഫലവത്തായ ഇടപെടല്‍ നടത്താന്‍ കഴിയും. അതിനേക്കള്‍ ഉപരി ഗുണപരവും സമഗ്രവുമായ ചില മാറ്റങ്ങള്‍ വരുത്താനും ആഗ്രഹിക്കുന്നു. ഇതില്‍ മലയാളികളായ വോട്ടര്‍മാരുടെ സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു’ എന്ന് സ്വരൂപ് കൃഷ്ണന്‍ അറിയിച്ചു.
സ്വരൂപ് കൃഷ്ണന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മലയാളി സമൂഹം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. മലയാളികളുടെ വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. 2021ല്‍ യുകെയിലേയ്ക്ക് കുടിയേറിയ സ്വരൂപ് കൃഷ്ണന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് എത്തിയിട്ട്. പാര്‍ലമെന്റ് ഇലക്ഷനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കാന്‍ഡിഡേറ്റ് ബെൻ ഫ്ലൂക്കിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടാണ് പ്രാദേശിക രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാകുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവുമായി കിങ്‌സ് കോളേജ് ലണ്ടൻ
യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 പൗണ്ട് വരെ ഫീസ് ഇളവ് ലഭിക്കുന്ന അവാര്‍ഡുമായി കിംഗ്‌സ് കോളേജ് ലണ്ടന്‍. പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിനാണ് ഇളവ് ലഭിക്കുക. 2025 സെപ്റ്റംബറില്‍ ആദ്യത്തെ ഓണ്‍ ക്യാമ്പസ്
പോസ്റ്റ് ഗ്രാജുവേറ്റിനു ചേരുന്ന 30 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ വൈസ് ചാന്‍സലര്‍ ഷിതിജ് കപൂര്‍ 10,000 പൗണ്ട് വീതമുള്ള അവാര്‍ഡ് നല്‍കുന്നത്. ഇതിന് അര്‍ഹത നേടുവാന്‍ ഡിക്ക്സണ്‍ പൂണ്‍ സ്‌കൂള്‍ ഓഫ് ലോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി ആന്‍ഡ് ന്യൂറോസയന്‍സ്, കിംഗ്‌സ് ബിസിനസ് സ്‌കൂള്‍, ലൈഫ് സയന്‍സ് ആന്‍ഡ് മെഡിസിന്‍, നാച്ചുറല്‍, മാത്തമാറ്റിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് സയന്‍സ്, നഴ്സിംഗ്, മിഡ്വൈഫറി ആന്‍ഡ് പാലിയേറ്റീവ് കെയര്‍, സോഷ്യല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് പോളിസി എന്നീ വിഷയങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കണം. 10,000 പൗണ്ട് വരെ ട്ര്യൂഷന്‍ ഫീസില്‍ ഇളവായിട്ടായിരിക്കും അവാര്‍ഡ് ലഭിക്കുക. അതില്‍ 5000 പൗണ്ട് 2025 ഒക്ടോബറില്‍ നല്‍കും. ബാക്കി 5000 പൗണ്ട് 2026 ജനുവരിയിലും. മറ്റേതെങ്കിലും ചെലവുകള്‍ക്കുള്ള തുക ലഭിക്കില്ല.
മുഴുവൻ സമയ കോഴ്സുകള്‍ക്ക് മാത്രമെ ഇത് ലഭിക്കുകയുള്ളൂ. അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്നവര്‍ 2025 ഏപ്രില്‍ 25 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയിന്മേലുള്ള തീരുമാനം 2025 മെയ് 31നകം ലഭിക്കും. ട്യൂഷന്‍ ഫീസ് ഇളവായിട്ടു മാത്രമായിരിക്കും അവാര്‍ഡ് തുക ലഭിക്കുക. അവാര്‍ഡ് ബാധകമായ കോഴ്സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ അവാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള അവസരം ലഭിക്കും. ഇതോടൊപ്പം അക്കാദമിക് പ്രകടനവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.
ടെസ്‌കോയിൽ ശമ്പള വർധന ; മലയാളികൾക്ക് ആശ്വാസം
യുകെയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയില്‍ 5.2 ശതമാനം ശമ്പള വര്‍ധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശമ്പള വര്‍ധനയ്ക്ക് ധാരണയായത്. മാര്‍ച്ച് 30 മുതല്‍ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. മണിക്കൂറിന് 12.45 പൗണ്ടാകും മാര്‍ച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റില്‍ 12.64 പൗണ്ടായി ഉയര്‍ത്തും. അഞ്ചു ശതമാനം ശമ്പള വര്‍ധന വരുത്തുമ്പോളും ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാള്‍ 44 പെന്‍സ് അധികം മാത്രമാണ്.
ഇതോടൊപ്പം നിലവില്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ലഭ്യമായിരുന്ന പത്തു ശതമാനം സണ്‍ഡേ പേ ബോണസ് റദ്ദാക്കുകയും ചെയ്യും. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം നേരത്തെ നിഷേധിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പേയ്‌മെന്റ് ഡീലിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെയും സണ്‍ഡേ പേ ബോണസ് നിര്‍ത്തലാക്കുന്നത്. നൂറു കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ 330,000 പേരാണ് ടെസ്‌കോയില്‍ രാജ്യത്താകെ ജോലി ചെയ്യുന്നത്.
ശമ്പള വര്‍ധന പ്രാബല്യത്തിലാകുന്നതോടെ ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലണ്ടന്‍ അലവന്‍സ് ഉള്‍പ്പെടെ മണിക്കൂറിന് 13.85 പൗണ്ടായി ശമ്പളം വര്‍ധിക്കും. ശമ്പള വര്‍ധനയ്ക്കായി 180 മില്യന്‍ പൗണ്ടാണ് കമ്പനി നീക്കിവയ്ക്കുന്നതെന്ന് യുകെ ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. നേരത്തെ മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സെയിന്‍സ്ബറീസും അഞ്ചു ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ചിരുന്നു. ജര്‍മന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ലിഡിലില്‍ ഫെബ്രുവരി മാസത്തില്‍ ശമ്പളം 12.75 പൗണ്ടായി വര്‍ധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മറ്റു സൂപ്പര്‍ മാര്‍ക്കറ്റുകളും ശമ്പള വര്‍ധനയ്ക്ക് നിര്‍ബന്ധിതരായത്.
യുകെയിലെ പ്രധാന പകർച്ചവ്യാധികളുടെ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു
യുകെയിൽ പൊതുജനാരോഗ്യത്തിന് ഭാവിയിൽ ഭീഷണിയാകാൻ സാധ്യതയുള്ള 24 പകർച്ച വ്യാധികളുടെ പുതിയ നിരീക്ഷണ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു .
അസുഖങ്ങളിൽ ചിലത് കോവിഡിനു സമാനം ആഗോള പകർച്ചവ്യാധി സാധ്യതയുള്ള വൈറസുകളാണ്. മറ്റുള്ളവ ചികിത്സകൾ ഇല്ലാത്തതും ആരോഗ്യത്തിന് കാര്യമായ ദോഷം വരുത്തുന്നതുമായ രോഗങ്ങളാണ്. യുകെയിലെ ഹെൽത്ത് ഏജൻസി റിപ്പോർട്ട് പ്രകാരം പക്ഷിപ്പനിയും, കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന രോഗങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. രോഗങ്ങൾക്ക് വാക്സീനുകൾ, മരുന്നുകൾ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനുമാണ് ഇത്തരത്തിൽ പട്ടിക പുറത്തുവിടാൻ ഉണ്ടായ കാരണമെന്ന് യുകെഎച്ച്എസ്എ പറഞ്ഞു.
അഡെനോവൈറസ്, ലസ്സ പനി, നോറോവൈറസ്, മെർസ്, എബോള (മാർബർഗ് പോലുള്ള സമാന വൈറസുകൾ)
ഫ്ലാവിവിരിഡേ (ഡെങ്കി, സിക്ക, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഇതിൽ ഉൾപ്പെടുന്നു), ഹാന്റവൈറസ്, ക്രിമിയൻ-കോംഗ
രക്തസ്രാവ പനി, (പക്ഷി പനി ഉൾപ്പെടെയുള്ള സീസണൽ അല്ലാത്തത്), നിപ വൈറസ്, ഒരോപൗച്ചെ, റിഫ്റ്റ് വാലി പനി, അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ്, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്, (എച്ച്എംപിവി), എംപോക്സ്, ചിക്കുൻഗുനിയ, ആന്ത്രാക്സ്, ക്യു പനി, എന്ററോബാക്ടീരിയേസി (പ്ലേഗിന് കാരണമാകുന്ന ഇ.കോളി, യെർസിനിയ പെസ്റ്റിസ് പോലുള്ളവ), തുലാരീമിയ, മൊറാക്സെല്ലേസി
(ശ്വാസകോശം, മൂത്രം, രക്തപ്രവാഹം എന്നിവയിൽ അണുബാധ ഉണ്ടാക്കുന്നവ), ഗൊണോറിയ, സ്റ്റാപ്ലൈലോകോക്കസ്,
ഗ്രൂപ്പ് എ, ബി സ്ട്രെപ്പ് തുടങ്ങിയ രോഗങ്ങളാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട ലിസ്റ്റിലുള്ളത്.
കേരള നഴ്സസ് യുകെ രണ്ടാമത് കോൺഫറൻസും നഴ്സ് ദിനാഘോഷങ്ങളും
കേരള നഴ്സസ് യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് നഴ്സിംഗ് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍ വച്ചു നടക്കും. ലെസ്റ്ററിലെ പ്രജാപതി ഹാളില്‍ വച്ചാണ് കോണ്‍ഫറന്‍സിന് തിരി തെളിയുക. കോണ്‍ഫറന്‍സിന്റെ ഔദോഗിക രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 1000 നഴ്സുമാര്‍ക്ക് ആയിരിക്കും കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ സാധിക്കുക. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന അബ്‌സ്ട്രാക്ട് കോമ്പറ്റീഷന്റെ എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി മാര്‍ച്ച് 29.
പരിപാടിയിൽ മുഖ്യാതിഥിയായി എന്‍എംസി ഇന്‍ട്രിം ചീഫ് എക്‌സിക്യൂട്ടീവ് ആന്റ് രജിസ്ട്രാര്‍ പോള്‍ റീസ് എംബിഇ പങ്കെടുത്തു സംസാരിക്കും. പോള്‍ റീസിനൊപ്പം യുകെയിലെ മലയാളി നഴ്‌സസ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, കെന്റ് ആന്റ് ആഷ്‌ഫോര്‍ഡ് എംപി സോജന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളായി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലെസ്റ്റര്‍ ചീഫ് എക്‌സിക്യൂട്ടീവായ റിച്ചാര്‍ഡ് മിഷേലും ചീഫ് നഴ്‌സിംഗ് ഓഫീസറായ ജൂലി ഹോഗും പങ്കെടുക്കും.
ഡോക്ടര്‍ മഞ്ജു സി പള്ളം, ഡോക്ടര്‍ ഡില്ലാ ഡേവിസ്, റോസ് മേരി മാത്യു തോമസ്, ഷീബ ഫിലിപ്പ് എന്നിവർ വിവിധ വിഷയങ്ങളെ ക്കുറിച്ച് സെക്ഷനുകൾ നയിക്കും.
കോണ്‍ഫറന്‍സിന്റെ വിജയത്തിനുവേണ്ടി നിരവധി നഴ്‌സുമാര്‍ അടങ്ങിയ വിപുലമായ സംഘാടക സമിതി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു.
ടള്ളമോർ ഇന്ത്യൻ അസോസിയേഷൻ പുരസ്കാര നിറവിൽ*
അയർലെഡിലെ ടള്ളമോറിൽ സെന്റ് പാട്രിക്സ് ദിനത്തിൽ നടന്ന പരേഡിൽ ടള്ളമോർ ഇന്ത്യൻ അസോസിയേഷൻ രണ്ട് പുരസ്‌കാരത്തിന് അർഹരായി. മികച്ച എന്റർടൈനിങ് വിഭാഗത്തിലും ജനപ്രിയ വിഭാഗത്തിലുമാണ് അസോസിയേഷൻ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയത്. ഇന്ത്യൻ തനത് കലാരൂപങ്ങളായ ഭരതനാട്യം, ഗുജറാത്തി ഗർബ നൃത്തം, കുട്ടികളുടെ സിനിമാറ്റിക് നൃത്തം, കുട്ടികളുടെ ദഫ് മുട്ട് എന്നിവ ഐറിഷുകാരടക്കമുള്ളവരുടെ ശ്രദ്ധ ആകർഷിച്ചു. വിവിധ വേഷവിധാനങ്ങളോടെഐറിഷ് പതാകയുമേന്തി മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ പരേഡിൽ പങ്കെടുത്തു. ടിറ്റോ ജോസഫ്, അബിൻ ജോസഫ്, സോണി ചെറിയാൻ, ബെന്നി ബേബി, ജോബിൻസ് സി. ജോസഫ്, അഞ്ജു കെ. തോമസ്, രശ്മിബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വേൾഡ് മലയാളി യുറോപ്പ് റീജിയൻ സാംസ്‌കാരിക സമ്മേളനം മാർച്ച് 29 ന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാ സാംസ്കാരിക വേദിയുടെ 19–ാം സമ്മേളനം മാര്‍ച്ച് 29ന് വൈകുന്നേരം 3ന് (യുകെ സമയം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും. കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തായ രാസലഹരികളുടെ പിടിയില്‍നിന്നും എങ്ങനെ യുവതലമുറയെ രക്ഷിക്കാം എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ആലുവ തോട്ടക്കാട്ടുകര സെന്റ് ആന്‍സ് ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തില്‍ രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ചു 150 വനിതകളെ ഉള്‍പ്പെടുത്തി ക്രിസ്തീയ ഭക്തിഗാനത്തിലൂടെ അവതരിപ്പിച്ച മെഗാ തിരുവാതിര വീണ്ടും കലാസാംസ്‌കാരിക വേദിയില്‍ അവതരിപ്പിക്കും.
കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുക്കൊണ്ടു തന്നെ പങ്കെടുക്കാം. കൂടാതെ, കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും ആശയ വിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കും. ആഗോള തലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കും. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനും ജനസേവ ശിശുഭവന്‍ പ്രസിഡന്റുമായ അഡ്വ. ചാര്‍ളി പോളും സൈക്കോളജിസ്റ്റും അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ മെമ്പറുമായ ഡോ. ജോര്‍ജ് കാലിയാടന്‍ എന്നിവരാണ്.
ജർമനിയിൽ മലയാളി നഴ്‌സ്മാർക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ട 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ബിഎസ്‌സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത.
ബിഎസ്‌സി/ പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 38 വയസ്സ് . ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമ്മൻ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന വർക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.
ബ്രിട്ടണിൽ പാസ്പോർട്ട് പരിശോധനയ്ക്ക് പകരം ഫേഷ്യൽ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ സംവിധാനം

ഒഴിവുകാല യാത്രകഴിഞ്ഞ് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ക്യൂവില്‍ നിന്ന് പാസ്സ്‌പോര്‍ട്ട് പരിശോധന നടത്തേണ്ടതായി വരില്ല. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാസ്സ്‌പോര്‍ട്ട് സ്‌കാനിംഗ് ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന നിമിഷം തന്നെ വിമാനത്താവളത്തില്‍ വിവരങ്ങൾ സ്‌കാൻ ചെയ്തിരിക്കും. ഇതിനാൽ പാസ്സ്‌പോര്‍ട്ട് പരിശോധനയ്ക്കായി സമയം ചെലവഴിക്കാതെ നേരിട്ട് പുറത്തേയ്ക്ക് പോകാൻ കഴിയും.
തുറമുഖങ്ങള്‍ വഴി മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഈ സംവിധാനം ലഭ്യമാണ്. കോണ്‍ടാക്റ്റ് ലെസ്സ് വരാന്തകള്‍ വഴി അവര്‍ക്ക് പുറത്തെത്താന്‍ കഴിയും. സര്‍ക്കാരില്‍ നിന്നുള്ള പാസ്സ്‌പോര്‍ട്ട്, കാർ വിശദാംശങ്ങള്‍ വിശകലനം ചെയ്ത് ക്യാമറയിലൂടെ യാത്രികരുടെ ഐഡന്റിറ്റി ഉറപ്പാക്കും. നാല് കമ്പനികള്‍ രൂപകല്പന ചെയ്ത ഈ സാങ്കേതിക വിദ്യ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ബ്രിട്ടനിലെ നാല് വിമാനത്താവളങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും എന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനിലെത്തുന്ന വിദേശികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. എന്നാല്‍, അതിനായി അവരുടെ വിവരങ്ങളും ബയോമെട്രിക് വിശദാംശങ്ങളും യാത്ര ആരംഭിക്കുന്നതിനു മുന്‍പായി ആപ്പ് വഴി നല്‍കേണ്ടതായി വരും. ബ്രിട്ടീഷ് ഐറിഷ് പൗരന്മാര്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ തന്നെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.