Monday, April 28, 2025
Home Blog Page 14

ചാൾസ് രാജാവ് ആശുപത്രിയിൽ; പൊതു പരിപാടികൾ റദ്ദാക്കി

ചികിത്സയുടെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ബ്രിട്ടനിലെ ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലെന്ന നിലയില്‍ ഔദ്യോഗിക പരിപാടികളെല്ലാം ഡോക്ടര്‍മാരുടെ നിർദ്ദേശ പ്രകാരം റദ്ദാക്കിയതായി ബക്കിങ്ങാം കൊട്ടാരത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ങാമിൽ പങ്കെടുക്കാൻ ഇരുന്ന പൊതുപരിപാടിയുമാണ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത്. അസൗകര്യം ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തില്‍ എത്തിച്ചേരാമെന്നും ചാള്‍സ് മൂന്നാമന്‍ രാജാവ് അറിയിച്ചതായി ഔദ്യോഗിക വക്താവ് പറഞ്ഞു.
ആശാവഹമായ പ്രതികരണങ്ങളാണ് ചികിത്സയില്‍ നിന്ന്‌ ഉണ്ടാകുന്നതെന്നും കൃത്യമായ നിരീക്ഷണത്തിലാണ് രാജാവെന്നും ഔദ്യോഗിക വക്താവ് നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ രാജാവിന് ഇപ്പോൾ ഉണ്ടായ പാര്‍ശ്വഫലങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷന് നവനേതൃത്വം

15 ല്‍ അധികം വര്‍ഷങ്ങളായി ബ്രിസ്റ്റോളിലെ മലയാളികളുടെ സാമൂഹ്യ, സാംസ്‌കാരിക, കലാ, കായിക മണ്ഡലങ്ങളില്‍ സമഗ്ര സംഭാവന നല്കി പ്രവര്‍ത്തിച്ചുവരുന്ന ബ്രിസ്‌കയ്ക്ക് നവനേതൃത്വം.16ന് സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ നടന്ന ബ്രിസ്‌കയുടെ വാര്‍ഷിക പൊതുയോഗം ഭരണ പരിചയവും യുവത്വവും ഒത്തിണങ്ങിയ 2025-2027 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രെട്ടറി ഡെന്നിസ് സെബാസ്റ്റ്യന്‍ 2023- 2025 വര്‍ഷത്തെ റീപോര്‍ട്ട് അവതരിപ്പിച്ചു. ട്രേഷറര്‍ ഷാജി സ്‌കറിയ വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. റിപ്പോര്‍ട്ടും, വരവ്-ചിലവ് കണക്കും പാസ്സാക്കിയതിന് ശേഷം പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ജെയ്‌മോൻ ജോർജ്ജ്, സെക്രട്ടറിയായി ടോം ജോസഫ്, ട്രഷറർ ജോർജ് ജോൺ, മറ്റ് ഭാരവാഹികളായി അപ്പു മണലിത്തറ, മെജോ ചെന്നേലിൽ, ജിജോ പാലാട്ടി, നൈസെന്റ് ജേക്കബ്, ഫ്രാൻസിസ് ആംബ്രോസ്, ബെല്ല ബേബി രാജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

‘സാസി ബോണ്ട് 2025’ മാർച്ച് 30ന് കവൻട്രിയിൽ

മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന ‘സാസി ബോണ്ട് 2025’ മാർച്ച് 30ന് കവൻട്രിയിലെ എച്ച്.എം.വി എംപയറില്‍ നടക്കും. ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വിവിധ മത്സരങ്ങളും പരിപാടികളും അരങ്ങേറും. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കമല്‍ മാണിക്കത്ത് നേതൃത്വം നല്‍കുന്ന ‘സാസി ബോണ്ട് 2025’ല്‍ പല ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് അമ്മമാരും കുഞ്ഞുങ്ങളുമാണ് അരങ്ങില്‍ തിളങ്ങാൻ എത്തിച്ചേരുന്നത്. പരിപാടിയ്ക്ക് പങ്കെടുക്കുന്നതിന് ടിക്കറ്റ് നിരക്കില്‍ യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക് സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 40 പൗണ്ട് നിരക്കില്‍ നല്‍കപ്പെടുന്ന അഞ്ച് പേരുടെ ഫാമിലി ടിക്കറ്റ് പ്രത്യേക കോഡ് വഴി £25 ന് ലഭ്യമാകും. അതുപോലെ 15 പൗണ്ട് നിരക്കില്‍ വില്‍ക്കപ്പെടുന്ന വ്യക്തിഗത ടിക്കറ്റുകള്‍ക്ക് 10 പൗണ്ട് നല്‍കിയാല്‍ മതിയാവും. ഫാമിലി ടിക്കറ്റിന് UUKMA25 കോഡും വ്യക്തിഗത ടിക്കറ്റുകള്‍ക്ക് UUKMA10 കോഡും ഉപയോഗിച്ചാല്‍ സൗജന്യനിരക്ക് ലഭ്യമാണ്. തീവ്രമായ ദൃഢനിശ്ചയത്തോടും അചഞ്ചലമായ സമര്‍പ്പണത്തോടും കൂടി, ഭാവി രൂപപ്പെടുത്തുകയും, കുടുംബങ്ങളെ ഉയര്‍ത്തുകയും, സ്‌നേഹത്തില്‍ അധിഷ്ഠിതമായ പാരമ്പര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അമ്മമാരെ ആദരിക്കുകയും ആഘോഷിക്കുകയുമാണ് സാസി ബോണ്ട് 2025 എന്ന പരിപാടിയുടെ ലക്ഷ്യം. സാസി ബോണ്ടിന് കരുത്തേകാന്‍, അമ്മമാര്‍ക്കിടയിലെ ഉത്തമ മാതൃകകളാവാന്‍ നിങ്ങള്‍ക്കും പരിപാടിയിൽ പങ്കാളികളാവാം. ടിക്കറ്റുകൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കും .
https://www.tickettailor.com/events/manickathevents/1566176

യുകെ മലയാളി അഞ്ചു അമലിന്റെ സംസ്കാരം ശനിയാഴ്ച


യുകെയിൽ  അന്തരിച്ച മലയാളി യുവതി അഞ്ചു അമലിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മരകാവ് സെന്റ് തോമസ് പള്ളിയിൽ നടത്തും. പനിയെത്തുടർന്നുള്ള ശാരീര അസ്വസ്ഥതകൾ മൂലം  നോർത്താംപ്ടൺ എൻഎച്ച്എസ് ജനറൽ ഹോസ്പിറ്റലിൽ  ചികിത്സയിലിരിക്കെയാണ് അഞ്ജു മരണമടഞ്ഞത്.
കണ്ണൂർ ഇരിട്ടി സ്വദേശി അമൽ അഗസ്റ്റിന്റെ ഭാര്യയാണ്. നോർത്താംപ്ടണിലെ വില്ലിങ്ബ്രോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന അഞ്ജു വർഷങ്ങൾക്കു മുൻപ് പഠനത്തിനായി വിദ്യാർഥി വീസയിലാണ് യുകെയിൽ എത്തുന്നത്. രണ്ടു വർഷം മുൻപാണ് വിവാഹിതയായത്. നാട്ടിൽ ഇരിട്ടി കല്ലുവയൽ സെന്റ്. ആന്റണീസ് റോമൻ കത്തോലിക്കാ പള്ളിയിലെ അംഗങ്ങളാണ് അഞ്ജുവിന്റെ കുടുംബം. വയനാട് പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ് – സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി  ആശ

യുകെയിൽ പതിമൂന്നുകാരി പെൺകുട്ടി വിമാനം പറത്തി അഭിമാന താരമായി

യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി നിയ റോയൽ എയർഫോഴ്സിന്‍റെ (ആർഎഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി ചരിത്ര നേട്ടം കൈവരിച്ചു . കൊച്ചിയിലെ തിരക്കിനിടയിൽ മകളെ സൈക്കിൾ പഠിപ്പിക്കാൻ സാധിക്കാത്തതിലുള്ള വിഷമം യുകെയിൽ എത്തിയപ്പോൾ നിയ വിമാനം പറത്തിയതിലൂടെ ഇല്ലാതായെന്നാണ് പിതാവ് സിബി നിലമ്പൂർ പറയുന്നത്. വർഷങ്ങളായി യുകെയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ബെർണാർഡ് തന്‍റെ മകൻ ആർഎഎഫ് കേഡറ്റാണെന്നും സ്വന്തമായി വിമാനം പറത്തിയെന്നും പറഞ്ഞതാണ് നിയയ്‌ക്ക്‌ പ്രചോദനമായത്. ബെർണാർഡ് നൽകിയ വിവരത്തെ തുടർന്ന് ആർഎഎഫിന്‍റെ ഓപ്പൺ ഹൗസിൽ പങ്കെടുത്ത നിയയ്‌ക്ക്‌ 13 വയസ്സ് പൂർത്തിയായപ്പോൾ കേഡറ്റായി ചേരാൻ അവസരം ലഭിച്ചു. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം സ്കൂൾ കഴിഞ്ഞുവന്നാൽ ഏഴുമുതൽ പത്തുവരെ കേഡറ്റുകൾക്കുള്ള പരിശീലനത്തിന് പോകും. കഠിനമായ ഡ്രില്ലുകളും പരിശീലനങ്ങളും ഉണ്ടെങ്കിലും വിമാനം പറത്തുന്ന ദിവസത്തെ സ്വപ്നം കണ്ടാണ് അവൾ ഓരോ ദിവസവും മുന്നോട്ടു പരിശ്രമിച്ചുക്കൊണ്ടിരുന്നത്. റോയൽ എയർഫോഴ്സിന്റെ വിവിധ യൂണിഫോമുകളും ബാഡ്ജുകളും അണിഞ്ഞ് പരേഡുകളിൽ അഭിമാനത്തോടെ പങ്കെടുക്കുന്നത് നിയയ്ക്കു ഏറെ സന്തോഷം നൽകുന്നുണ്ട്. ഭാവിയിൽ എയർഫോഴ്സിലോ മറ്റ് സൈനിക വിഭാഗങ്ങളിലോ താൽപ്പര്യമുള്ള കുട്ടികൾക്ക് ആർഎഎഫ് മികച്ച പരിശീലനവും അവസരങ്ങളുമാണ് ഇതിനോടകം നൽകുന്നത്. ഹൈക്കിങ്, ക്യാംപിങ്, നാവിഗേഷൻ പരിശീലനം, എക്സർസൈസുകൾ, റൈഫിൾ പരിശീലനം, ഷൂട്ടിങ് മത്സര പരിശീലനം,
ലീഡർഷിപ്പ് പരിശീലനം, ടീം ബിൽഡിങ്, പ്രോബ്ലം സോൾവിങ്, സൈബർ കമ്യൂണിക്കേഷൻ പരിശീലനം, എൻജിനിയറിങ് സയൻസ് പ്രൊജക്ടുകൾ,
സ്പോർട്സ് പരിശീലനങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, രാജ്യാന്തര ക്യാംപുകൾ, നാറ്റോ ക്യാംപ് സന്ദർശനങ്ങൾ, മിലിട്ടറി ക്യാംപ് സന്ദർശനങ്ങൾ, ഡ്യൂക്ക് ഓഫ് എഡിൻബറോ അവാർഡിൽ പങ്കാളിത്തം തുടങ്ങി നിരവധി അവസരങ്ങൾ ആർഎഎഫ് കേഡറ്റുകൾക്ക് ലഭിക്കും.
നിയയോടൊപ്പം ആൻട്കിമിലെ എയർ ബേസിൽ മറ്റ് നാല് മലയാളി കേഡറ്റുകളും വിമാനം പറത്താൻ ഉണ്ടായിരുന്നു എന്നതും ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് സിബി നിലബൂർ പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ മലയാളി കുട്ടികൾ എയർ, ആർമി, നേവൽ കേഡറ്റുകളായി മുന്നോട്ട് വരുമെന്ന് അദ്ദേഹം കരുതുന്നത്. അടുത്ത ഓപ്പണിങ് രണ്ടു മാസത്തിനുള്ളിൽ ഉണ്ടാകുമെന്നും സിബി നിലമ്പൂർ അറിയിച്ചു.

ട്രംപിന്റെ നികുതി ഭീഷണിക്കിടെ, അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം ഡല്‍ഹിയില്‍; തീരുമാനമാകാതെ ഇന്‍ഡോ- അമേരിക്കന്‍ വ്യാപാര ചര്‍ച്ച.

ഇന്‍ഡോ-അമേരിക്കന്‍ വ്യാപാര ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ചര്‍ച്ച ശനിയാഴ്ച വരെ നീണ്ടു നില്‍ക്കും. അമേരിക്കയില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് ഇന്ത്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നികുതിയും കുറക്കണം എന്നും അല്ലെങ്കില്‍ ഇന്ത്യക്ക് ഇരട്ടി നികുതി ഏര്‍പ്പെടുത്തും എന്നുമാണ് അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ്. ദക്ഷിണ, മധ്യേഷ്യയുടെ ചുമതലയുള്ള അമേരിക്കന്‍ അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കായി ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ എത്തിയത്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം എല്ലാ മേഖലകളിലും ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് ഈ സന്ദര്‍ശനം തെളിയിക്കുന്നത് എന്നാണ് ഇന്ത്യയിലെ അമേരിക്കന്‍ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നികുതിയും കുറച്ചില്ലെങ്കില്‍ ആ രാജ്യങ്ങള്‍ക്ക് ഇരട്ടി നികുതി ഏര്‍പ്പെടുത്താന്‍ അടുത്ത മാസം രണ്ടാം തീയതി വരെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപ് സമയം നല്‍കിയിരിക്കുന്നത്.

വിപണിയിലെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നികുതി നികുതി ഇതര തടസങ്ങള്‍ നീക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാര്‍ കൊണ്ടു വരാനായി ഇന്ത്യയും അമേരിക്കയും ലക്ഷ്യമിടുന്നതായി കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടത്തുകയാണ്.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചതിന് പിന്നാലെ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അടുത്ത കാലം വരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 190 ബില്യണ്‍ ഡോളറായിരുന്നു. ട്രംപും മോദിയും ഇത് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നു. ഈ വര്‍ഷം തന്നെ ഒരു വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ചര്‍ച്ച ചെയ്യാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു.

ഇന്ത്യയില്‍ എല്ലാ കാര്യത്തിനും അമിതമായ നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് ട്രംപ് ഭരണകൂടം പല പ്രാവശ്യം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ബൂര്‍ബന്‍ വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍, മറ്റ് ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ തീരുവ ഇന്ത്യ ഈയിടെ കുറച്ചിരുന്നു. ട്രംപിന്റെ നടപടി ഒഴിവാക്കാന്‍ വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ 23 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഇറക്കുമതിയുടെ പകുതിയിലധികത്തിനും തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യ പരിഗണിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നത്. ചില രാജ്യങ്ങളെ നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചനയും നല്‍കിയിരുന്നു.

തണുപ്പിനെ നേരിടാന്‍ പഴയ ബെര്‍ണര്‍ ഉപയോഗിച്ചെന്ന് തെളിഞ്ഞാല്‍ 1000 പൗണ്ട് പിഴ

വിറകുകള്‍ ഉപയോഗിച്ചുള്ള ബര്‍ണര്‍ കത്തിക്കരുതെന്ന് ബ്രിട്ടീഷുകാര്‍ക്ക് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്താല്‍ 100 പൗണ്ട് വരെ പിഴ ഒടുക്കേണ്ടി വരും എന്ന് മാത്രമല്ല, ക്രിമിനല്‍ റെക്കോര്‍ഡുകളില്‍ പേര് ചേര്‍ക്കപ്പെടുകയും ചെയ്യും. തണുപ്പു കാലത്ത്, നമ്മള്‍ കഴിയുന്ന പരിസരം ചൂടാക്കി നിലനിര്‍ത്തുന്നത് നല്ലതാണെങ്കിലും അമിതമായ കാര്‍ബണ്‍ പ്രസരണം അന്തരീക്ഷത്തില്‍ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കും. പാരിസ്ഥിതിക ആഘാതവും വലുതായിരിക്കും. അതുകൊണ്ടാണ് ഇപ്പോള്‍ വിറകടുപ്പുകള്‍ നിരോധിച്ചിരിക്കുന്നത്.

ആര്‍ബ്‌ടെക്കിലെ പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത് വിറക് ബര്‍ണറുകള്‍ ഉപയോഗിക്കുന്നത് അപകടകരം തന്നെയാണ് ഏന്നാണ്. ഏകദേശം 1.5 ദശലക്ഷം ബ്രിട്ടീഷുകാര്‍ ഇപ്പോഴും വിറക് ബര്‍ണറുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിന്റെ വില്‍പന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട് എന്നു കൂടി ഓര്‍ക്കുക. 2021 ല്‍ ആയിരുന്നു ഹൗസ് കോള്‍ ആന്‍ഡ് വെറ്റ് വുഡ് ബര്‍ണറുകള്‍ ഇംഗ്ലണ്ടില്‍ നിരോധിച്ചത്.

പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് പുതിയ സ്റ്റൗവ്വുകളില്‍ നിന്നും വമിക്കുന്ന പുകയുടെ അനുവദനീയമായ അളവ് മണിക്കൂറില്‍ അഞ്ചു ഗ്രാം മുതല്‍ മൂന്നു ഗ്രാം വരെയാണ്. ഇത് അനുസരിച്ചില്ലെങ്കിലാണ് പിഴയടക്കേണ്ടി വരികയും ക്രിമിനല്‍ റെക്കോര്‍ഡില്‍ പേര് ചേര്‍ക്കപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ, വിറക് ബര്‍ണറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍, സര്‍ട്ടിഫൈഡ് വിറകുകള്‍ മാത്രം ഉപയോഗിക്കാനാണ് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. അതുപോലെ സ്റ്റൗ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് കേടുപാടുകള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതും ഉണ്ട്.

14 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കലുമായി ചാന്‍സലറുടെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേരത്തേ നല്‍കിയ സൂചനകള്‍ക്ക് അനുസരിച്ച് മിനിമം വേതനം വര്‍ദ്ധിപ്പിച്ചും ബെനഫിറ്റുകള്‍ വെട്ടിക്കുറച്ചുമുള്ള ബജറ്റ് വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു തിരിച്ചടി നല്‍കുന്നു. നാഷണല്‍ വേജസില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്ന വീടു വിലയുടെ പകുതി ഒന്നേകാല്‍ ലക്ഷം പൗണ്ടാക്കി കുറച്ചു.
അഞ്ച് മാസം മുന്‍പ് സ്വയം തീരുമാനിച്ച സാമ്പത്തിക നയങ്ങള്‍ തിരുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് 14 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇതില്‍ അവസാനിക്കില്ലെന്നും, നിലവിലെ പൊതുഖജനാവിന്റെ ദുരവസ്ഥ വെച്ച് നോക്കിയാല്‍ ഓട്ടം സീസണില്‍ പുതിയ നികുതിവര്‍ദ്ധനയാണ് നേരിടേണ്ടി വരികയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

ബ്രിട്ടന്റെ വെല്‍ഫെയര്‍ ബജറ്റിലാണ് റീവ്‌സ് പ്രധാനമായി കത്തിവെച്ചത്. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ്, യൂണിവേഴ്‌സല്‍ ക്രെഡിറ്റ് എന്നിവയില്‍ നിന്നും 3.4 ബില്ല്യണ്‍ പൗണ്ടാണ് കുറവ് വരുത്തിയത്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ കുറയ്ക്കാനായി വോളണ്ടറി എക്‌സിറ്റ് സ്‌കീമും, എഐ ടൂളുകളും പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ട്. പ്രതിരോധ മേഖലയ്ക്കായി 2.2 ബില്ല്യണ്‍ പൗണ്ട് അധികമായി നല്‍കാനാണ് പുതിയ നിര്‍ദ്ദേശം.അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് അവരുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1400 പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകും.

ഒക്ടോബറിലെ ബജറ്റില്‍ പരാമര്‍ശിച്ചിരുന്നത് പോലെ ഏപ്രില്‍ ഒന്നു മുതല്‍ നാഷണല്‍ ലിവിംഗ് വേജില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിരിക്കുമെന്ന് ഇന്നലെ പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെ റെയ്ച്ചല്‍ റീവ്‌സ് സ്ഥിരീകരിച്ചു. ഇത് ഏകദേശം മുപ്പത് ലക്ഷത്തോളം പേര്‍ക്ക് പ്രയോജനകരമാകും. മിനിമം വേതനം നിലവിലെ 11.44 പൗണ്ടില്‍ നിന്നും 6.7 ശതമാനം വര്‍ദ്ധിച്ച് മണിക്കൂറില്‍ 12.21 പൗണ്ടായാണ് ഉയരുന്നത്.

അതേസമയം, 18 മുതല്‍ 20 വയസുവരെയുള്ളവര്‍ക്കുള്ള മിനിമം വേതനം 8.60 പൗണ്ടില്‍ നിന്നും മണിക്കൂറില്‍ 10 പൗണ്ട് ആയി ഉയരും. 16.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഉണ്ടാകുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി പ്രവചിച്ചിരിക്കുന്ന പണപ്പെരുപ്പ നിരക്കിനേക്കാള്‍വളരെ ഉയര്‍ന്ന നിരക്കാണിത്.

ആളുകളെ തൊഴിലിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ ഒരു ബില്യണ്‍ പൗണ്ട് ചെലവാക്കുമെന്നും തന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഉദ്ദേശിച്ചത്ര പണം ലഭ്യമാകില്ലെന്ന ഒ ബി ആറിന്റെ അറിയിപ്പിനെ തുടര്‍ന്ന് ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിച്ചുരുക്കിയേക്കും എന്നറിയുന്നു.

വരുമാന നികുതി നല്‍കുന്നതിനുള്ള വരുമാന പരിധി 2030 വരെ മാറ്റമില്ലാതെ തുടരുമെന്നാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ പേര്‍ നികുതിയുടെ വലയിലേക്ക് വരും. മാത്രമല്ല, ഒരു ലക്ഷം പൗണ്ടില്‍ അധികം വരുമാനമുള്ളവര്‍ക്ക് ടാക്സ് ഫ്രീ പേഴ്സണല്‍ അലവന്‍സും ഇല്ലാതെയാകുന്നതോടെ ഏകദേശം 60 ശതമാനം നിരക്കില്‍ നികുതി നല്‍കേണ്ടതായി വരും. 12,570 പൗണ്ട് വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. ഇതിനെയാണ് പേഴ്സണല്‍ അലവന്‍സ് എന്ന് പറയുന്നത്.

12,571 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനമുള്ളവര്‍ 20 ശതമാനം വരുമാന നികുതി നല്‍കണം. 50,271 പൗണ്ട് മുതല്‍ 1,25,140 പൗണ്ട് വരെയുള്ള വരുമാനത്തിന് 40 ശതമാനം നിരക്കിലും അതിനു മുകളിലുള്ളതിന് 45 ശതമാനം നിരക്കിലുമാണ് നികുതി നല്‍കേണ്ടത്. ഓരോ ടാക്സ് ബാന്‍ഡിലും എത്രമാത്രം വരുമാനം വരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും, നിങ്ങള്‍ നല്‍കേണ്ട വരുമാന നികുതി കണക്കാക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ പ്രതിവര്‍ഷം 52,000 പൗണ്ട് വരുമാനമുള്ള വ്യക്തിയാണെങ്കില്‍, 12,570 പൗണ്ട് വരെയുള്ള തുകക്ക് നിങ്ങള്‍ നികുതി നല്‍കേണ്ടതില്ല. മിച്ചമുള്ള 37,700 പൗണ്ടിന് 20 ശതമാനം നിരക്കില്‍ നികുതി നല്‍കണം.

കാരണം 50,270 പൗണ്ട് വരെ 20 ശതമാനമാണ് നികുതി നിരക്ക്. അതിനു മുകളിലുള്ള 1,730 പൗണ്ടിന് 40 ശതമാനം നിരക്കിലും നികുതി നല്‍കണം. എന്നാല്‍, ഒരു ലക്ഷം പൗണ്ടിന് മേല്‍ വരുമാനമുള്ളവര്‍ക്ക് പേഴ്സണല്‍ ടാക്സ് ബെനഫിറ്റിന് അര്‍ഹതയില്ല. അതുകൊണ്ടു തന്നെ ഒരു ലക്ഷം മുതല്‍ 1,25,140 പൗണ്ട് വരെ വരുമാനമുള്ളവര്‍ക്ക് അവര്‍ സമ്പാദിക്കുന്ന ആദ്യ ഒരു പൗണ്ട് മുതല്‍ നികുതി നല്‍കേണ്ടതായി വരും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നികുതി നിരക്ക് 40 ശതമാനമാണെങ്കിലും ഫലത്തില്‍ അത് 60 ശതമാനം വരെയായി ഉയരുമെന്നര്‍ത്ഥം.

കഴിഞ്ഞയാഴ്ചയായിരുന്നു ഏകദേശം അഞ്ചു ബില്യണ്‍ പൗണ്ടിന്റെ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറച്ചത്. മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഡിസെബിലിറ്റി ബെനെഫിറ്റുകള്‍ക്ക് അര്‍ഹരായവരുടെ എണ്ണം കുറയ്ക്കുമെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുവഴി 2029/30 വരെ വെറും മൂന്നു ബില്യണ്‍ പൗണ്ട് മാത്രമേ ലാഭിക്കാനാവൂ എന്നായിരുന്നു ഒ ബി ആര്‍ പറഞ്ഞത്.

ഇതോടെയാണ് കൂടുതല്‍ വെട്ടിനിരത്തലിലേക്ക് റീവ്‌സ് ഇറങ്ങിയത്. 2025 -26 കാലത്ത് പ്രതിവാരം 92 പൗണ്ടുള്ള യൂണിവേഴ്സല്‍ ക്രെഡിറ്റ് സ്റ്റാന്‍ഡേര്‍ഡ് അലവന്‍സ് 2029/30 ആകുമ്പോഴേക്കും 106 പൗണ്ട് ആയി വര്‍ദ്ധിക്കുമെന്ന് റേച്ചല്‍ റീവ്‌സ് അറിയിച്ചു. എന്നാല്‍ പുതിയതായി ഇതിനുവേണ്ടി അപേക്ഷിക്കുന്നവര്‍ക്ക് ഇതിലെ ഹെല്‍ത്ത് എലമെന്റ് 50 ശതമാനമായി വെട്ടിക്കുറയ്ക്കും.

സ്റ്റാമ്പ് ഡ്യൂട്ടി ബാധകമായ വീടു വിലയുടെ പരിധി 2,50,000 പൗണ്ടില്‍ നിന്നും 1,25,000 പൗണ്ട് ആയി കുറച്ചതോടെ കൂടുതല്‍ പേര്‍ക്ക് വീടുവാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതായി വരും. ഏപ്രില്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. പുതിയ പരിധി നിലവില്‍ വരുന്നതിനു മുന്‍പായി വീട് വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച എകദേശം 70,000 പേര്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവര്‍ക്ക് പുതിയ നിയമമനുസരിച്ചുള്ള സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതായി വരും.

പുതിയ പരിധി നിലവില്‍ വരുന്നതോടെ ഇംഗ്ലണ്ടിലെ ഒരു ശരാശരി വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 2,028 പൗണ്ടില്‍ നിന്നും 4,528 പൗണ്ട് ആയി ഉയരും. കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയുടെ വിശകലന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. അതുപോലെ, ആദ്യ വീടു വാങ്ങുന്നവര്‍ക്ക് നേരത്തെ 4,25,000 പൗണ്ട് വിലയുള്ള വീടുകള്‍ക്ക് വരെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുണ്ടായിരുന്നപ്പോള്‍ അത് ഇപ്പോള്‍ മൂന്നു ലക്ഷമായി കുറച്ചു. അതായത് ഏപ്രില്‍ മുതല്‍ 4,25,000 പൗണ്ട് വിലയുള്ള വീടുകള്‍ക്ക് 6,025 പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടി വരും. അഞ്ചു ലക്ഷം പൗണ്ട് വിലയുള്ള വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 3,750 പൗണ്ടില്‍ നിന്നും 10,000 പൗണ്ട് ആയി വര്‍ദ്ധിക്കും.

പൃഥ്വിരാജ് ഒരുക്കിയ പാന്‍ വേള്‍ഡ് വിസ്മയം;ആവേശകൊടുമുടിയിൽ ആരാധകർ



ഒരുപക്ഷേ അടുത്തൊന്നും ഒരു മലയാളി പ്രേക്ഷകൻ ഒരു മലയാളസിനിമയ്ക്കുവേണ്ടി ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല. അഞ്ചുവർഷത്തോളമാകുന്നു ആദ്യപ്രഖ്യാപനം വന്നിട്ട്. പിന്നീട് ഓരോ ദിവസവും എണ്ണിയെണ്ണി കാത്തിരിക്കുകയായിരുന്നു ഒരു ശരാശരി സിനിമാ പ്രേമി. ഒടുവിൽ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോൾ നേരത്തേപറഞ്ഞ കാത്തിരിപ്പ് അക്ഷമയ്ക്ക് വഴിയൊരുക്കി. പറഞ്ഞുവരുന്നത് എമ്പുരാനെക്കുറിച്ചാണ്.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് മോഹൻലാൽ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാൻറെ’ ആദ്യ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ മാത്രം 750-ഓളം സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം.റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാൻ’ ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തിൽ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാൻ’ 58 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.

മോഹൻലാൽ ഉൾപ്പെടെയുള്ള വൻതാര നിരയും ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ ആദ്യഷോ കാണാനെത്തിയത്.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്‌ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ‘എമ്പുരാൻ’ നിർമിച്ചിരിക്കുന്നത്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസും.

അന്യഭാഷാ ചിത്രങ്ങളിലൂടെ മാത്രം കണ്ടുവന്ന മേക്കിങ് സ്റ്റൈൽ മലയാളത്തിലും പറ്റുമെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ. ഖുറേഷി അബ്രാമിനേയും സയ്ദ് മസൂജദിനേയും അവരെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ ലോകത്തേയുമാണ് എമ്പുരാനിൽ അനാവരണം ചെയ്യുന്നത്. എബ്രാമിന് ആരാണ് സയിദ് മസൂദെന്നും തിരിച്ചും വ്യക്തമാക്കപ്പെടുന്നു എമ്പുരാനിൽ.
ശക്തമായ തിരക്കഥയ്ക്കൊപ്പം അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന മേക്കിങ് എന്നുവേണം എമ്പുരാനെക്കുറിച്ച് ആത്യന്തികമായി പറയേണ്ടത്. ഒരു സംവിധായകന് തന്റെ ചിത്രത്തിന്മേലുള്ള കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് എമ്പുരാനിലെ പല രംഗങ്ങളും വിളിച്ചോതുന്നുണ്ട്.

ഓരോ കഥാപാത്രങ്ങളേയും ഖുറേഷി എബ്രാം എന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. അവരുടെ കാഴ്ചപ്പാടിൽ ആരാണ് ഖുറേഷി എബ്രാം എന്ന് പറയുന്നിടത്താണ് സിനിമയുടെ ആകാംക്ഷ വർധിക്കുന്നത്. പൊതുവേ അന്യഭാഷാ സിനിമകളിൽ നായകനെ മറ്റുകഥാപാത്രങ്ങളുടെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന എലിവേഷൻ എന്ന സംഗതിയെ എമ്പുരാനിൽ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഓരോ കഥാപാത്രങ്ങളുടേയും വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സ്റ്റീഫൻ എന്ന എബ്രാമിനെ വളരെ ആകാംക്ഷ ജനിപ്പിക്കുന്ന കഥാപാത്രമായി മാറ്റിയിരിക്കുകയാണ് ഇവിടെ.

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള താരങ്ങളുടെ നീണ്ടനിരയാണ് ചിത്രത്തിൽ. ചിത്രത്തിൽ മോഹൻലാൽ എന്ന താരത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്ന രീതിയെ ഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. അടുത്തകാലത്തൊന്നും ഒരു മലയാളി താരത്തിന് ഇത്രയേറെ ശക്തമായ എലിവേഷൻ കിട്ടിയിട്ടില്ലെന്നുതന്നെ പറയാം. പൃഥ്വിരാജിനും നിറഞ്ഞാടാൻ രംഗങ്ങളേറെയുണ്ടായിരുന്നു. ഒരു മാസ് ചിത്രം സംവിധാനംചെയ്ത് അതിൽ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നാൽ ആ വെല്ലുവിളി ഇവിടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിഷ്പ്രയാസം മറികടന്നിട്ടുണ്ട്.

വിശ്വാസ വഴിയിൽ ചരിത്രം കുറിച്ച് സൈമൺ സേവ്യർ

വിശ്വാസവഴിയില്‍ പുതുചരിത്രം സൃഷ്ടിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി . ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാംഗമായ സൈമണ്‍ സേവ്യര്‍ കോച്ചേരിയാണ് വിശുദ്ധ ഗ്രന്ഥം കൈപ്പട കൊണ്ട് എഴുതിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ബ്രിട്ടന്‍ രൂപതയുടെ ചീം ലണ്ടനിലെ വി. ജോണ്‍ മരിയ വിയാനി മിഷന്‍ അംഗമാണ് ഇദ്ദേഹം. ഭാര്യ റോസമ്മയോടൊപ്പം വിശ്വാസപരിശീലന അധ്യാപകനായി 10 വര്‍ഷത്തോളം സേവനം ചെയ്ത സൈമണ്‍ 34 അള്‍ത്താര ശുശ്രൂഷകര്‍ക്ക് പരിശീലനം നല്‍കിയും വിശ്വാസികൾക്ക് മാതൃകയാവുകയാണ്. ചങ്ങനാശേരി കറുകച്ചാല്‍ കൂത്രപള്ളി സെന്റ് മേരീസ് പള്ളിയാണ് മാതൃ ഇടവക. സൈമണിന്റെ മൂത്തമകന്‍ ഡീക്കന്‍ ടോണി റോമില്‍ വൈദിക പഠനം നടത്തുകയാണ്. ഇളയമകന്‍ ടോം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.
2018 സെപ്റ്റംബര്‍ 8നു പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടയില്‍ എഴുതി പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹം ആദ്യമായി മനസില്‍ രൂപപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ബൈബിള്‍ കൂടുതലായി വായിക്കാനും ,പഠിക്കാനും ,പ്രാര്‍ത്ഥിക്കാനും സഹായിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഈ ഉദ്യമത്തിനു തുടക്കമിടുന്നത്. 2018 സെപ്റ്റംബര്‍ 16 തീയതി മുതല്‍ 2019 ഏപ്രില്‍ 2 വരെ ഇരുനൂറു ദിവസം കൊണ്ട് മലയാളത്തില്‍ ബൈബിള്‍ പകര്‍ത്തി പൂര്‍ത്തീകരിക്കുവാന്‍ സൈമണിന് കഴിഞ്ഞു. മലയാളം ബൈബിള്‍ കൈപ്പടയില്‍ എഴുതിയപ്പോള്‍ ലഭിച്ച വിശ്വാസ അനുഭവവും ആത്മസംതൃപ്തിയും ആണ് ഇംഗ്ലീഷ് ബൈബിള്‍ എഴുതുവാന്‍ പ്രചോദനമായതെന്ന് ഈ യു‌കെ‌ പ്രവാസി പറയുന്നു. 2024 ഓഗസ്റ്റ് 19 മുതലാണ് ഇംഗ്ലീഷ് ബൈബിള്‍ കൈപ്പടയില്‍ എഴുതുവാന്‍ ആരംഭിച്ചത് . 212 ദിവസം കൊണ്ട് ഇംഗ്ലീഷില്‍ ബൈബിള്‍ പൂര്‍ണ്ണമായി കൈപ്പടയില്‍ എഴുതി പകര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് 7 ന്

0
കത്തോലിക്കാ സഭയുടെ 267ആമത്തെ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് ഏഴിന് തുടങ്ങും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. പേപ്പൽ കോൺക്ലേവിന്‍റെ ഒരുക്കങ്ങൾക്കായി സിസ്റ്റീൻ ചാപ്പൽ താത്കാലികമായി അടച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ...

ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു; ഫ്രാൻസുമായി 63,000 കോടിയുടെ കാരാറില്‍ ഒപ്പിട്ടു

0
റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറില്‍ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു. 26 റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാർ. 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്.ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാല്‍-എം...

സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ

0
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ...

WCL 2025;  ഇന്ത്യയെ യുവരാജ് നയിക്കും

0
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍  താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്  (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ജൂലൈ 18 നു ആരംഭിക്കും.  മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്...

ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്

0
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍...