ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വിഡിയോ റെക്കോഡിങ് റെസലൂഷന്‍ 8കെ ആയി വർധിപ്പിച്ചേക്കുമെന്ന് സൂചന.
ഒരു ചൈനീസ് ലീക്കറാണ് ഈ അവകാശവാദം നടത്തിയിരിക്കുന്നത്. നിലവില്‍ ആപ്പിള്‍ കമ്പനിയുടെ ഏറ്റവും മികച്ച മോഡലായ ഐഫോണ്‍ 16 പ്രോ സീരിസിന്റെ പരമാവധി റെക്കോഡിങ് റെസലൂഷന്‍ 4കെ ആണ്.
8കെ വിഡിയോ ഷൂട്ട് ചെയ്താല്‍, 4കെ റെക്കോഡിങിനെ അപേക്ഷിച്ച് കൂടുതല്‍ മികവാര്‍ന്ന ഫുട്ടേജ് ലഭിക്കുമെങ്കിലും ഇവ സ്റ്റോറേജ് സ്പെയ്സ് കൂടുതൽ ആവശ്യമായി വന്നേക്കാം. ഫയല്‍ സൈസ് കുറയ്ക്കാനുള്ള എന്തെങ്കിലും മാജിക് കൂടെ ആപ്പിള്‍ പുറത്തെടുക്കുമോ എന്നാണ് അറിയേണ്ടത്.
മിക്ക സ്‌ക്രീനുകള്‍ക്കും 8കെ ഫുട്ടേജിന്റെ അധിക റെസലൂഷന്‍ പ്രദര്‍ശിപ്പിക്കാനാവില്ല. പല സാധാരണ കംപ്യൂട്ടറുകളും ഇത് എഡിറ്റ് ചെയ്യാന്‍ ശേഷിയില്ലാതെ പരുങ്ങുകയും ചെയ്യും. എന്നാല്‍, ഈ ശേഷിയുമായി എത്തുന്ന പുതിയ ഐഫോണുകളും മറ്റും അതിന് സജ്ജമായിരിക്കും.
അതേസമയം, ഐഫോണ്‍ 17 പ്രോയ്ക്ക് ഇതുവരെ പരിചിതമായ ഡിസൈന്‍ തന്നെ തുടര്‍ന്നേക്കുമെന്നാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. പ്രതീക്ഷിക്കുന്ന മാറ്റം പിന്‍ക്യാമറ ഐലന്റ് ഫോണിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എത്തിച്ചേക്കുമെന്നതു മാത്രമാണ്. ഡിസൈന്റെ കാര്യത്തില്‍ മറ്റു കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലത്രെ. ഐഫോണ്‍ 17 പ്രോ സീരിസിന് ഡ്യുവൽ കളര്‍ ടോണ്‍ ഉളള പിന്‍ഭാഗമുണ്ടെന്ന് ചില അവകാശവാദങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഗുര്‍മന്‍ പറയുന്നു. ക്യാമറ ഇരിക്കുന്ന മേഖലയ്ക്കും താഴേക്കുള്ള അതേ നിറം തന്നെയായിരിക്കും എന്ന് ഗുര്‍മന്‍ പ്രവചിക്കുന്നു. വര്‍ഷാവര്‍ഷം ഐഫോണുകള്‍ക്ക് ചെറിയ മാറ്റങ്ങളാണ് ഇതുവരെ ആപ്പിള്‍ വരുത്തിയിരിക്കുന്നത്. അതു തന്നെ ഐഫോണ്‍ 17ന്റെ കാര്യത്തിലും പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നികുതി ഭാരം ഐഫോണ്‍ പ്രേമികളുടെ മേലും കെട്ടിവച്ചേക്കും. ഇന്ത്യയില്‍ ഇപ്പോള്‍ 79,900 രൂപ എംആര്‍പി ഇട്ടിരിക്കുന്ന ഐഫോണ്‍ 16 തുടക്ക വേരിയന്റിന്റെ വില 99,000 രൂപ ആയേക്കുമെന്നാണ് വിശകലന വിദഗ്ധര്‍ കരുതുന്നത്.ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ തുടക്ക വേരിയന്റിന് 1,97,000 രൂപ വരെ വില വന്നേക്കാം. ഇപ്പോള്‍ 59,900 രൂപ എംആര്‍പി ഇട്ടിരിക്കുന്ന ഐഫോണ്‍ 16ഇ മോഡലിന് 72,200 രൂപ വില പ്രതീക്ഷിക്കുന്നു.